Monday, August 29, 2011

കട്ടെടുത്ത മരച്ചില്ല : നെരൂദ

രാത്രിയിൽ നാം പോകും
ഒരു പൂമരച്ചില്ല കക്കാൻ.

അന്യമായൊരുദ്യാനത്തിന്നിരുളിൽ
ചുറ്റുമതിൽ കേറിമറിയും നാം,
നിഴലത്തു രണ്ടു നിഴലുകൾ.

കഴിഞ്ഞിട്ടില്ല മഞ്ഞുകാലം,
പൊടുന്നനേ പൊട്ടിത്തരിക്കുന്നു
ആപ്പിൾമരം,
വാസനിക്കുന്ന നക്ഷത്രങ്ങളുടെ
ജലപാതം.

രാത്രിയിൽ കടന്നെത്തും നാം
വിറകൊള്ളുന്നൊരാ താരാപഥം,
നിന്റെ നേർത്ത കൈകൾ, എന്റെ കൈകൾ
കട്ടെടുക്കും നക്ഷത്രങ്ങളെ.

പിന്നെ, രാത്രിയിൽ, നിഴലത്തും
നമ്മുടെ വീട്ടിലേക്കു കടന്നുവരും
നിന്റെ പാദങ്ങൾക്കൊപ്പം
സൗരഭ്യത്തിന്റെ നിശ്ശബ്ദപാദം,
നക്ഷത്രപാദങ്ങൾക്കൊപ്പം
വസന്തത്തിന്റെ സ്വച്ഛഗാത്രം.

Saturday, August 27, 2011

വീഞ്ഞിന്‌ : നെരൂദ

പകൽനിറമായ വീഞ്ഞേ,
രാത്രിനിറമായ വീഞ്ഞേ,
മാന്തളിർച്ചുവടുള്ള വീഞ്ഞേ,
പുഷ്യരാഗരക്തമുള്ള വീഞ്ഞേ,
ഭൂമിയുടെ
നക്ഷത്രക്കുഞ്ഞേ,
പൊന്നിന്റെ വാളു പോലെ
മിനുസമായോളേ,
മദാലസമായ വില്ലീസു പോലെ
പതുപതുത്തോളേ,
വീഞ്ഞേ,
കടൽശംഖു പോലെ ചുഴിഞ്ഞോളേ,
അതിശയങ്ങൾ നിറഞ്ഞോളേ,
പ്രണയലോലേ,
കടൽപ്പിറപ്പേ;
ഒരു കോപ്പയിൽ
നിറഞ്ഞ നാളുണ്ടോ നീ?
ഒരു പാട്ടു പോരാ, ഒരാണു പോരാ
നിന്നെ നിറച്ചെടുക്കാൻ,
നീയൊരു സംഘഗാനം, സംഘജീവി,
പങ്കിട്ടെടുക്കേണ്ടോൾ നീ.
ചിലനേരം
നീ മുതിർക്കുന്നു
മരണത്തിന്നോർമ്മകളിൽ;
മഞ്ഞുറഞ്ഞ ശവമാടങ്ങൾ വെട്ടിമുറിക്കുന്നോളേ,
ശവകുടീരത്തിൽ നിന്നു ശവകുടീരത്തിലേക്ക്‌
ഞങ്ങളെക്കൊണ്ടുപോകുന്നു
നിന്റെ തിരകൾ,
ഞങ്ങളൊഴുക്കുന്നു
വന്നപോലെ പോകുന്ന കണ്ണീരും;
മഹിമയേറിയ
നിന്റെ വസന്തകാല വേഷം
വേറൊരുതരം,
ചോരയിരച്ചുകയറുന്നു കൂമ്പുകളിലൂടെ,
വീഞ്ഞുത്തേജിപ്പിക്കുന്നു പകലിനെ,
അക്ഷയമായ നിന്റെയാത്മാവിൽ
ശേഷിക്കുന്നില്ല യാതൊന്നും.
വീഞ്ഞുണർത്തുന്നു
വസന്തത്തെ,
മണ്ണിൽ ചെടി പോലെ പൊട്ടിമുളയ്ക്കുന്നു
ആനന്ദം,
ചുമരുകൾ തകരുന്നു,
പാറക്കെട്ടുകൾ വീഴുന്നു,
കൊക്കകൾ നികരുന്നു,
ഒരു പാട്ടും പിറക്കുന്നു.
ഒരു മദ്യകുംഭം, ഏകാന്തത്തിൽ
നീയെന്നരികിൽ-
പണ്ടൊരു കവി പാടി.
പ്രണയത്തിന്റെ ചുംബനത്തിനൊപ്പം
തന്റെ ചുംബനവും ചേർക്കട്ടെ ഈ വീഞ്ഞുപാത്രം.

എന്റെ പ്രിയേ,
നിന്നരക്കെട്ടിന്റെ വടിവു പൊടുന്നനേ
മദ്യചഷകത്തിന്റെ തുളുമ്പുന്ന വിളുമ്പാകുന്നല്ലോ,
നിന്റെ മാറിടമൊരു മുന്തിരിക്കുല,
മുന്തിരികൾ നിന്റെ മുലക്കണ്ണുകൾ,
നിന്റെ മുടി തിളക്കുന്നു
ലഹരിയുടെ വെട്ടം,
നിന്നുദരത്തിന്റെ പാത്രത്തിൽപ്പതിപ്പിച്ച
നൈർമ്മല്യത്തിന്റെ മുദ്രയല്ലോ നാഭിച്ചുഴി,
ഒഴിയാത്ത വീഞ്ഞിന്റെ നീർച്ചാട്ടം
നിന്റെ പ്രണയം,
എന്നിന്ദ്രിയങ്ങളെ ദീപ്തമാക്കുന്ന വെളിച്ചം,
ഭൂമിയിലെ ജീവിതത്തിന്റെ പകിട്ടുകൾ.

എന്നാൽ പ്രണയത്തിലും കവിഞ്ഞവൾ നീ,
കത്തുന്ന ചുംബനമേ,
അഗ്നിയുടെ ഹൃദയമേ,
ജീവിതമെന്ന വീഞ്ഞിലും കവിഞ്ഞവൾ;
നീ
മനുഷ്യരുടെ ഒരുമ,
തെളിമ,
അച്ചടക്കത്തിന്റെ സംഘഗാനം,
പൂക്കളുടെ സമൃദ്ധി.
നമ്മൾ സംസാരിച്ചിരിക്കുമ്പോൾ
എനിക്കിഷ്ടം മേശപ്പുറത്ത്‌
ഒരു കുപ്പി വീഞ്ഞിന്റെ ധൈഷണികവെളിച്ചം.
ഇതു കുടിയ്ക്കൂ,
പിന്നെയിതോർമ്മ വയ്ക്കൂ,
ഓരോ സ്വർണ്ണത്തുള്ളിയിറക്കുമ്പോഴും,
ഓരോ പുഷ്യരാഗക്കോപ്പ നിറയ്ക്കുമ്പോഴും,
ഓരോ ചെമ്പിച്ച കരണ്ടി കോരുമ്പോഴും
ഇതോർമ്മ വയ്ക്കൂ,
പാത്രത്തിൽ വീഞ്ഞു നിറയ്ക്കാൻ
എത്ര പണിപ്പെട്ടൂ ശരൽക്കാലമെന്ന്;
തന്റെ ജീവിതവൃത്തിയുടെ ചടങ്ങിനിടയിൽ
മനുഷ്യൻ,സാമാന്യൻ മറക്കാതിരിക്കട്ടെ,
മണ്ണിനെ, തന്റെ കർത്തവ്യത്തെ ഓർക്കാൻ,
വീഞ്ഞിന്റെ സങ്കീർത്തനം പാടിനടക്കാൻ.

Friday, August 26, 2011

എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി-സെസാര്‍ വയെഹൊ

സെസാര്‍ എബ്രഹാം വയെഹൊ മെന്‍ഡൂസ (César Abraham Vallejo Mendoza)- ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ പെറുവിയന്‍ സാഹിത്യകാരന്‍. വെറും മൂന്നു പുസ്തകങ്ങളിലൂടെ ആസ്വാദക മനസ്സിനെ കീഴടക്കിയ ഇദ്ദേഹത്തിന്‍റെ കവിതകള്‍ എല്ലാം തന്നെ ഒന്നിനൊന്നു വ്യത്യസ്തം .കവിയെന്ന നിലയില്‍ മാത്രമല്ല നാടക കൃത്ത് , നോവലിസ്റ്റ്‌ എന്നീ നിലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് .

സെസാര്‍ വയെഹൊയുടെ "എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി" എന്ന കവിതയ്ക്ക് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരിഭാഷ ..

ഇന്നു ഞാന്‍ വീടിന്റെ കല്‍പടിയില്‍ ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച അടിത്തട്ടില്ലാത്ത ശൂന്യതയില്‍ .

ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തു പോകുന്നു.

പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബാനകളില്‍ നിന്നും .
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറം തളത്തിലൂടെ, അകത്തളത്തിലൂടെ, ഇടനാഴിയിലൂടെ,
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.

ഒരു ഗ്രീഷ്മാന്തരാത്രിയില്‍ ,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്
മിഗ്വേല്‍ , നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ , നീ പുഞ്ചിരിച്ചില്ല.
നീ ദു:ഖിതനായിരുന്നു.

നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.

കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.

Thursday, August 25, 2011

ഏകാന്തത -അന്ന അഖ്മതോവ


ഇല്ലിനിപ്പേടി-
യെനിയ്ക്ക്‌, ഞാനത്രയ്ക്കു
കല്ലേറുകൊണ്ടുകഴിഞ്ഞു.

കല്ലുകള്‍ വീണു
കുഴിതൂര്‍ന്നിടത്തൊരു
തുംഗമാം ഗോപുരം നിന്നു.

നന്ദി, ഈ ഗോപുരം
നിര്‍മ്മിച്ചുതന്നോരേ
നന്മ നിങ്ങള്‍ക്കു വരട്ടെ!

പൊങ്ങുന്ന സൂര്യനെ
കാണുന്നു ഞാനാദ്യം
ഇങ്ങിരുന്നത്രമേല്‍ തുംഗം.

അസ്തമിക്കുമ്പോള്‍
അവസാനരശ്മികള്‍
തത്തിക്കളിക്കുമിവിടെ.

എന്നറയ്ക്കുള്ള
ജനാലയിലെപ്പൊഴും
തെന്നല്‍ പറന്നുകളിക്കും.

എന്റെ കൈവെള്ളയില്‍
നിന്നും പിറാവുകള്‍
തിന്നുന്നു ധാന്യമണികള്‍.

ഞാനെഴുതിപ്പൂര്‍ത്തി-
യാക്കാത്ത താളുകള്‍
താനേയെഴുതി നിറയ്ക്കാന്‍,

തൂവല്‍വിരലുമായ്‌
എന്‍ കാവ്യദേവത
താഴേയ്ക്കിറങ്ങിവന്നെത്തും.

1914..

മൊഴിമാറ്റം : പി പി രാമചന്ദ്രന്‍

Wednesday, August 24, 2011

ചുമ്മാതുള്ള സ്നേഹം-ഹെര്‍മന്‍ ഡി കോണിന്‍ക്

നിന്റെ ഉടുപ്പുകള്‍
വെളുത്ത, ചുവന്ന തലപ്പാവുകള്‍
നിന്റെ കാലുറകള്‍, അടിവസ്ത്രം
(സ്നേഹം കൊണ്ട് ഉണ്ടാക്കിയതെന്ന് പരസ്യങ്ങള്‍)
ബ്രാകള്‍,
(അതിലെല്ലാം കവിതയുണ്ട്, പ്രത്യേകിച്ച് നീ ധരിക്കുമ്പോള്‍ )
അവയെല്ലാം ഈ കവിതയില്‍ ചിതറിക്കിടക്കുന്നു,
നിന്റെ മുറിയിലേതെന്നതു പോലെ
ഏയ്, ചൂളുകയൊന്നും വേണ്ട വായനക്കാരാ/രി
ആമുഖം കണ്ട് പകയ്ക്കയും വേണ്ട
ചെരുപ്പൂരി അകത്ത് വരൂ, ശരിക്കിരിക്കൂ
( അതിനിടയില്‍ നമ്മള്‍ ഉമ്മ വയ്ക്കും,
ഈ ബ്രാക്കറ്റിലെ വാചകങ്ങളെപ്പോലെ,
പേടിക്കണ്ട വായിക്കുന്നവര്‍ കാണില്ല )
എന്താണ് നീയാലോചിക്കുന്നത്
ഇത് ഉള്ളത് കാണുന്ന ജന്നലാണ്.
പുറത്ത് കാണുന്നതെല്ലാം ഉള്ളതാണ്
ശരിക്കും
കവിതയിലേത് പോലുണ്ട് അല്ലേ ?

(വിവര്‍ത്തനം : കുഴൂര്‍ വിത്സണ്‍)

Tuesday, August 23, 2011

ഭ്രഷ്ടന്‍ -നെരൂദ

കടലല്ല,കടൽക്കരയല്ല,കടൽപ്പതയല്ല ,
പിടി തരാത്ത പക്ഷികളുടെ സാന്നിദ്ധ്യമല്ല,
അവയല്ല, വിടർന്ന കണ്ണുകൾ മറ്റുള്ളവയല്ല,
ഗ്രഹങ്ങളുള്ളിലൊതുക്കിത്തേങ്ങുന്ന രാത്രിയല്ല,
ജീവികൾ തിങ്ങുന്ന കാടിന്നകമല്ല,
വേദന,വേദന,മനുഷ്യന്നപ്പം.
എന്തിതിങ്ങനെ?
അക്കാലമൊരു പുൽക്കൊടി പോലെ മെലിഞ്ഞവൻ ഞാൻ,
ഇരുട്ടു വീണ കടലിലെ മീൻ പോലിരുണ്ടവൻ,
ഒറ്റപ്രഹരത്താൽ ഈ ഗ്രഹത്തെ മാറ്റിപ്പണിയാൻ കൊതിച്ചു ഞാൻ.
അപരാധങ്ങളുടെ കറ പറ്റിയ നിശ്ശബ്ദതയിൽ
ഞാൻ പങ്കുപറ്റരുതെന്നെനിക്കു തോന്നി.
ഏകാന്തതയിൽ പക്ഷേ കാര്യങ്ങൾ പിറക്കും,
പിറന്നപോലെ മരിക്കും.
യുക്തി വളർന്നുവളർന്നൊടുവിൽ ഭ്രാന്തിലേക്കെത്തുന്നു.
ഇതൾ വളർന്നു പക്ഷേ റോസാപ്പൂവാകുന്നില്ല.
ഫലം കെട്ട പൊടിയാണേകാന്തത,
മണ്ണോ,വെള്ളമോ,മനുഷ്യനോ ഇല്ലാതെ
വെറുതേ തിരിയുന്ന ചക്രം.
എന്റെ നഷ്ടബോധത്തിൽ
ഞാൻ നിലവിളിച്ചതങ്ങനെ,
എന്തു പറ്റിയാ ബാല്യത്തിന്റെ നിലവിളിയ്ക്ക്‌?
ആരതു കേട്ടു? ആരതിനൊരു മറുപടി നൽകി?
ഏതു വഴിക്കു ഞാൻ പോയി?
ചുമരുകളിൽ ഞാനെന്റെ തല കൊണ്ടിടിച്ചപ്പോൾ
അവയെന്തു മറുപടി എനിക്കു നൽകി?
അതു വന്നുപോകുന്നു, ബലം കെട്ട ഏകാകിയുടെ ശബ്ദം,
അതുരുണ്ടുരുണ്ടു പോകുന്നു,
ഒറ്റപ്പെട്ടവന്റെ ഭയാനകചക്രം,
അതുയർന്നുതാഴുന്നു, ആ രോദനം,
ആരുമതറിയുന്നില്ല,
ഭ്രഷ്ടനായവൻ പോലും.

Tuesday, August 9, 2011

അപ്പവും വീഞ്ഞും - മേതില്‍ രാധാകൃഷ്ണന്‍

1
മോണാലിസയുടെ
മന്ദഹാസത്തിന്റെ അര്‍ത്ഥം എനിക്കറിയാം:
മോണാലിസ മന്ദഹസിക്കുന്നതേയില്ല.
നീയോ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ വധൂ, നിനക്ക്
ഞാഞ്ഞൂളിനെപ്പോലെ നൂറു മോതിരങ്ങളുണ്ട്,
മെഴുകുതിരിപ്പോലെ നൂറു ശിരോവസ്ത്രങ്ങളുണ്ട്,
പൂ‍വിനെപ്പോലെ നൂറുപടുതികളുണ്ട്,
എന്നിട്ടും,ഒരൊറ്റ വിവാഹത്തിലും നീ വധുവാകുന്നില്ല.
മുറുകിയ കയറിന്റെ തലപ്പില്‍
എന്റെ ഹൃദയമൊരു പള്ളിമണിപോലെ
കനത്തു തൂങ്ങുന്നു.
ഒച്ചവെക്കേണ്ടതില്ലല്ലോ,
ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ലല്ലോ.
വധുവിനെ വിളിച്ചറിയിക്കാന്‍
പള്ളിമണിയടിക്കണോ?
2
മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്റെ നിശ്വാസമോര്‍ക്കുന്നു.
എന്തെന്നാല്‍ , നിന്റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടേതെന്ന് ആരോപിക്കപ്പെടുന്നു.
നിന്റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
നേര്‍ത്തതാണ് നിന്റെ നിശ്വാസം.
അതോര്‍ക്കുമ്പോള്‍ എന്റെ ഘനം
ഒരു തീനാളത്തിന്റെ ഘനമാണ്,
അതിന്റെ തുടിപ്പ് ഒരാപ്പിളിന്റേതാണ്
അത് മുകളിലേക്കു വീഴുന്നു.
കാറ്റില്‍ നിന്റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്റെ നാളം പോലെ ഞാന്‍
മുകളിലേക്കു വീഴുന്നു.
(അഥവാ, ഭൂമി ഉരുണ്ടതാകയാല്‍,
ആകാശത്തിലേക്ക് ഉയരുന്നതെല്ലാം
ഭൂമിയില്‍ നിന്ന് വീണുപോകുന്നവയാണല്ലോ!)
3
എന്റെ പ്രേമപ്രശ്നങ്ങളുമായി ഞാന്‍
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക് ബോലന്‍ പാടുന്നു.
നീ മുടിയഴിച്ചിടുമ്പോള്‍
ഊര്‍ന്നു വീഴുന്ന പ്രപഞ്ചങ്ങളെക്കുറിച്ച്
മാര്‍ക് ബോലന്‍ പാടുന്നു.
മുഷ്ടി ഹൃദയത്തെക്കുറിച്ചും
ദുഷ്ടമായ പുലരിയമ്പിനെക്കുറിച്ചും
മാര്‍ക് ബോലന്‍ പാടുന്നു
എന്റെ ശരിയായ പേര് മാര്‍ക് ബോലന്‍ എന്നാകുന്നു.
ഞാനൊരു കാറപകടത്തില്‍ മരിക്കും
അപ്പോള്‍ എന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍,
പാതമുറിച്ചു കടന്നു പോയ നിന്റെ രൂപം
ഛായാപടം പോലെ
ഒട്ടിച്ചു വെച്ചിരിക്കും.
നീയൊരിക്കല്‍ എന്നെ നോക്കിയതങ്ങനെയായിരുന്നു-
പാതമുറിച്ചു കടന്നുപോകുന്ന ഒരാളെയെന്നപോലെ
ഗതാഗതവിളക്കിലപ്പോള്‍ പച്ചവെളിച്ചമായിരുന്നു,
നിന്റെ കണ്ണുകളില്‍ ചുവപ്പു വെളിച്ചവും.
നിന്റെ നോട്ടം വായുവില്‍ തങ്ങിനില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെത്തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെച്ചെന്നു നില്‍ക്കാം.
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച്ച ഞാനാവും,
തെരുവ് ഒരില പോലെ പച്ചയാകും.
4
ഒരു മണല്‍ഘടികാരം പോലെ
മലര്‍ന്നും കമിഴ്ന്നും കിടന്ന്
ഞാന്‍ രാത്രികളെ അളക്കുന്നു.
ഭൂമി ഉറക്കത്തില്‍ ചരിഞ്ഞുകിടക്കുന്നത്
പ്രേമിക്കുന്നവരിലൂടെയാണ്.
പ്രേമിക്കുന്നവര്‍ ഇരുട്ടില്‍ ചെകിടോര്‍ക്കുമ്പോള്‍
പെട്ടെന്നു നിലയ്ക്കുന്ന കാറ്റ്
അവരെ പേടിപ്പിക്കുന്നു.
ആ പേടിയെക്കുറിച്ചോര്‍ത്ത് ഒച്ചയില്ലാതെ
അവര്‍ പൊട്ടിച്ചിരിക്കുന്നു.
പ്രേമം അതിന്റെ ഭീതികളെ അപഹാസ്യമാക്കുന്നു.
തുറന്നു കിടക്കുന്ന ജനാലകളിലൂടെ
ഒരു പെണ്ണിന്റെ നഗ്നത തിരിച്ചറിയാന്‍
നക്ഷത്രങ്ങള്‍ക്കു കഴിയുമോ എന്നു ഞാന്‍ ചിന്തിക്കുന്നു.
മരുഭൂമികളിലെ മണല്‍ തണുത്തടങ്ങുന്നു.
മരുഭൂമികള്‍ക്കിടയില്‍ ഒരിക്കല്‍ ആകാശങ്ങളായിരുന്നു.
മണല്‍ത്തരികള്‍ തണുക്കുന്നു, ചോര്‍ന്നുപോകുന്നു.
പ്രേമിക്കുന്നവര്‍ ഒരോ രാത്രിയിലും
ഇഞ്ചിഞ്ചായി പരിശോധിക്കപ്പെടുന്നു:
അവരുടെ രഹസ്യം ആര്‍ക്കോ ആവശ്യമുണ്ട്,
അവരുടെ നിര്‍ലജ്ജമായ നഗ്നതയും.
എന്നിട്ടും ഞാന്‍ ഉടുപ്പൂരുമ്പോള്‍
കണ്ണാടികള്‍ അന്ധമാകുന്നു.
5
എന്റെ കുപ്പായത്തിന്റെ
മൂന്നാമത്തെ കുടുക്കിനു പിന്നിലെ
പിടച്ചിലിന്റെ പേരാണ് പ്രേമം.
എനിക്കിതിനെ വിമോചിപ്പിക്കാനാവില്ല.
ചിലപ്പോള്‍ നഗ്നത പോലും ഒരുടുപ്പും കൂടുമാണ്.
നമുക്കൊരിക്കലുമാവില്ല വേണ്ടത്ര നഗ്നരാവാന്‍.
നാമങ്ങനെ നമ്മെ ചെത്തിക്കൊണ്ടേയിരിക്കുന്നു-
നഗ്നത ഇനിയത്തെ അടരിലാണ്,
അല്ല, അടുത്ത അടരിലാണ്,
അല്ല, അതിനും താഴെയാണ്...
നാം തേഞ്ഞുകൊണ്ടിരിക്കുന്നു.
ഉടുപ്പുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ഒടുവില്‍ ഉടുപ്പുകള്‍ക്കുള്ളില്‍ നാമില്ലാതാവും.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും രണ്ടളവ് അധികമുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍
ഒരു കാറ്റിനെ പോലെ പരുങ്ങി നില്‍ക്കല്‍!
നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്കു പുറത്താണ്.
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴുക്കുന്നത് ഞാന്‍ കണ്ടു.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും തെറ്റായ വസ്ത്രം ധരിക്കല്‍!
പ്രേമത്തെ ഉടലോടെ പിടികൂടണമെങ്കില്‍
കൃത്യമായ ചില അളവുകണക്കുകള്‍ വേണം,
കാരണം പ്രേമം വസ്തുതയാണ്.
ഞാന്‍ പ്രേമത്തിന്റെ തയ്യല്‍ക്കാരനാകാനാഗ്രഹിക്കുന്നു.
എനിക്ക് പ്രേമത്തിനുള്ളില്‍ കയ്യിട്ടു നോക്കണം.
ഒരോ ചേര്‍പ്പും വിരലില്‍ തടയണം,
അവിടെ വരുന്ന അവയവും.
6
ഒന്നും ഞാനാരുമായും പങ്കുവെക്കില്ല,
നിന്നോടൊപ്പം എന്റെ തലയണയൊഴികെ
എന്നു പാടുന്ന റഷ്യന്‍ കവിയാകുന്നു ഞാന്‍.
നിന്റെ കിടക്ക ഒരു വിധവയുടേതാണ്.
അതില്‍ ഒരു പുരുഷനെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ;
എന്റേതില്‍ ഒരു സ്ത്രീയെക്കുറിച്ചുള്ള
സ്വപ്നം മാത്രമേ ഉള്ളൂ;
എന്നതുപോലെ!
ഭൂതത്തെയും ഭാവിയെയും
ഒരൊത്തുതീര്‍പ്പിലെത്തിച്ച്
നമുക്ക് വര്‍ത്തമാനമാകുക.
നിന്റെ കിടക്കയില്‍ ഞാന്‍ ഭര്‍ത്താവകട്ടെ,
വധുവാകാന്‍ ധൈര്യമില്ലാത്ത വിധവ
വെപ്പാട്ടിയായി കലാശിക്കുന്നു.
വെള്ളം ആദ്യമായി വീഞ്ഞായത്
ഒരു കല്ല്യാണനാളിലാണ്.
വീഞ്ഞാകാന്‍ ധൈര്യമില്ലാത്ത നീര്
വിനാഗിരിയായി മാറുന്നു.

7
പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു :
പ്രേമം കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത് കണക്കു പറയുന്നു.
പ്രേമിക്കുന്നവര്‍ക്ക് പ്രേമത്തിനുശേഷം
പെട്ടെന്ന് വയസ്സാകുന്നു.
പ്രേമം അതിന്റെ പ്രത്യാഘാതങ്ങളെ ത്വരിതമാക്കുന്നു.
പ്രേമാനന്തര നിമിഷവും മരണവും
പ്രേമിക്കുന്നവരെപ്പോലെ തൊട്ടുരുമ്മില്‍ നില്‍ക്കുന്നു.
ആമയുമായുള്ള ഓട്ടപ്പന്തയത്തിന്നിടയില്‍
കഥയറിയാതെ ഉറങ്ങിപ്പോയ മുയലിന്റെ
ഒടുക്കത്തെ നെട്ടോട്ടമാണത്-
പ്രേമത്തിന്നു ശേഷമുള്ള ദിവസങ്ങള്‍!
എനിക്ക് പന്തയത്തില്‍ ആമയായാല്‍ മതി
എനിക്ക് ഓടിക്കൊണ്ടേയിരിക്കണം.
എത്രയും പതുക്കെ,
എത്രയും പതുക്കെ!

കോണിയുടെ പടവുകള്‍
സ്ഥലങ്ങളെ മുറിച്ച്
കാലങ്ങളെ പകുക്കുന്നു.
പരവതാനി മാന്ത്രികമായി
തറയില്‍ത്തന്നെ പതിഞ്ഞു കിടക്കുന്നു.
ഇത് വധുവിന്റെ വഴിയാണ്.
അവള്‍ സ്വയം ഒരു ഘോഷയാത്രയാണ്.
അവളൊഴികെയുള്ള ഘോഷയാത്രകളോ
അവള്‍ക്കു തോരണങ്ങളും.
നീ നിന്റെ മണവാട്ടിയാകാന്‍
ദേവാലയത്തിലേക്ക് വരായ്കയാല്‍
നിന്റെ ഓരോ ദിനചര്യയെയും
ഞാനെന്റെ വിവാഹമാക്കുന്നു.
ഉടുപ്പണിയുമ്പോഴും അഴിക്കുന്തോറും,
തലമുടി കെട്ടുമ്പോഴും വിടര്‍ത്തിയിടുമ്പോഴും ,
എന്നില്‍ നിന്ന് ഒളിച്ചോടുമ്പോള്‍പ്പോലും
നീയെന്നെ വിവാഹം കഴിക്കുന്നു.
ഇനി നിന്റെ ഓരോ നിമിഷവും
ഒരു വധുവിന്റെ നിമിഷമാകുന്നു.
നിനക്കിനി വിടുതിയില്ല.
നിന്നെ ഞാന്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.
നിന്റെ മുഴുവന്‍ ജീവിതത്തെയും മരണത്തെയും
ഞാനെന്റെ വിവാഹമാക്കിയിരിക്കുന്നു.
പള്ളിമണിയുടെ കയര്‍
നിന്റെ കാലില്‍ ഞാന്‍ കെട്ടിയിരിക്കുന്നു.
അതെന്റെ കെട്ടുതാലിയാണ്.
ഓരോ കാല്‍ വെപ്പിലും നിന്റെ വിവാഹം മുഴങ്ങും.
ഓരോ ദിവസവും ഒരു നൂറു പ്രാവശ്യം
ഞാന്‍ നിന്നെ വിവാഹം കഴിക്കുന്നു.
ആളുകളെ വിളിച്ചു കൂട്ടുന്നൊരു
പള്ളിമണിയാണ് എന്റെ ഹൃദയം.
8
മേല്‍ക്കൂര പറന്നുപോയ ഹൃദയത്തില്‍
എന്റെ ചോര പ്രാവുകളെപ്പോലെ കുറുകുന്നു.
നക്ഷത്രങ്ങള്‍ കനലുകളോ മിന്നാമിനുങ്ങുകളോ?
ഒരു ചുള്ളിക്കൂടിലെ നക്ഷത്രം ദിവ്യമോ മാരകമോ?
കയ്പ് നിറഞ്ഞ ദീപരസങ്ങള്‍
വീഞ്ഞായി മാറുന്നതിന്റെ മാധുര്യം
എന്റെ അടിവയറില്‍ ഞാന്‍ അറിയുന്നു.
എന്റെ ചോര വീഞ്ഞിനെപ്പോലെ പാടുന്നു.
എന്റെ അപ്പം ഈ പ്രേമമാകുന്നു.
എന്റെ പ്രേമം എന്നെ ഒറ്റിക്കൊടുക്കും.
എട്ടു ദിക്കുകള്‍ക്കും ഒറ്റിക്കൊടുക്കും.
അത്താഴത്തിന് നീ എന്നെയും ക്ഷണിച്ചുവല്ലോ.
അത്താഴ നേരത്ത് എന്റെ അരികില്‍ ഇരിക്കുന്നണ്ടല്ലോ.
നീ അങ്ങുമിങ്ങും കണ്ണുകളയക്കുന്നത് ഞാന്‍ കണ്ടു.
പിഞ്ഞാണങ്ങളുടെ മാറിമാറിത്തിളങ്ങുന്ന വക്കുകളും
ഉയരുകയും താഴുകയും ചെയ്യുന്ന കരണ്ടികളും
ആപ്പിളില്‍ വീഴുന്ന കത്തികളുമെല്ലാം
ആംഗ്യങ്ങളും മുദ്രകളുമാവുകയായിരുന്നു.
ജനാലക്കു പിന്നില്‍ മറഞ്ഞ രൂപങ്ങള്‍
തെരുവില്‍ നിഴലുകളാവുന്നത് ഞാന്‍ ഉള്ളില്‍ കണ്ടു.
സംഭാഷണത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും
ചില സംജ്ഞകളും സങ്കേതങ്ങളുമാവുന്നത് ഞാനറിഞ്ഞു.
മരിച്ചുപോയ ചിത്രകാരനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍
അയാളുടെ അപ്രദര്‍ശിതമായ ഒരു ചിത്രത്തിലെ
മാരകമായ പ്രതീകങ്ങളുടെ സൂചനയും ഞാനറിഞ്ഞു.
എനിക്കു ചുറ്റും നടക്കുന്ന സംഭാഷണങ്ങളില്‍ ,
ചരിത്രത്തെയും കലയെയും ഓഹരിച്ചന്തയെയും
പച്ചക്കറികളെയും കുറിച്ചുള്ള സൂചനകളിലൂടെ
എന്റെ അത്യാഹിതത്തിന്റെ വിശദാംശങ്ങള്‍
പടിപടിയായി പൂര്‍ത്തിയാവുകയായിരുന്നു.
ഇനി ഞാന്‍ അത്താ‍ഴത്തിനുശേഷം
ഏതെങ്കിലും ഇരുണ്ട തെരുവിലോ ഇടവഴിയിലോ
ആകസ്മികമായെന്നതുപോലെ എത്തിപ്പെടുകയേ വേണ്ടൂ-
എന്റെ അത്യാഹിതമവിടെ എന്നെക്കാത്തു നില്‍ക്കുന്നു.
പള്ളിമണികള്‍ അതിന്റെ ഗുരുത്വത്തിലേക്ക് ചായുന്നു.
എങ്കിലും ഞാന്‍ ധൈര്യത്തോടെ തെരുവിലേക്കിറങ്ങും.
എന്തെന്നാല്‍ , എന്റെ അപ്പം ഈ കത്തുന്ന പ്രേമമാകുന്നു,
എന്റെ ചോരയില്‍ ഉലയുന്നത് മുന്തിരികളാകുന്നു,
എന്റെ ഹൃദയത്തില്‍ ഭയചകിതയായി കുറുകുന്നത്
ഒരു പള്ളിയുടെ മോന്തായമാകുന്നു.
എന്നെയവര്‍ രക്തസാക്ഷിയെന്നു വിളിക്കും.
എല്ലാ രക്തസാക്ഷികളും പരാജയപ്പെട്ടവരാണല്ലോ

(അനൂപ്‌ ചന്ദ്രന് നന്ദി)

Saturday, August 6, 2011

വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥിക്ക്..... ബാലചന്ദ്രന്‍ ചുള്ളിക്കാട്..

ഞാന്‍ മരിക്കുമ്പോള്‍ ശവം നിനക്കു തരും.

എന്റെ മസ്തിഷ്കം നീ പരിശോധിക്കും.
ഉന്മാദത്തിന്റെ ഉറവിടം കണ്ടെത്താനാവില്ല.

എന്റെ കണ്ണുകള്‍ നീ തുരന്നു നോക്കും.
ഞാന്‍ കണ്ട ലോകരൂപം അവയിലുണ്ടാവില്ല.

എന്റെ തൊണ്ട നീ മുറിച്ചു നോക്കും.
എന്റെ ഗാനം വെളിപ്പെടുകയില്ല.

എന്റെ ഹൃദയം നീ കുത്തിത്തു
ക്കും .
അപ്പോഴേയ്ക്കും ഇടിമിന്നലുകള്‍ താമസം മാറ്റിയിരിക്കും.

എന്റെ അരക്കെട്ട് നീ വെട്ടിപ്പൊളിയ്കും
അതറിഞ്ഞ മഹോല്‍സവങ്ങളോ, ആവര്‍ത്തിക്കപ്പെടുകയില്ല.

എന്റെ കാലുകള്‍ നീ കീറിമുറിച്ച്‌ പഠിക്കും.
പക്ഷെ ,എന്റെ കാല്‍പ്പാടുകള്‍
നിനക്കൊരിക്കലും എണ്ണിതീര്‍ക്കുവാനാവില്ല .