Saturday, October 29, 2011

ഒരു വളവില്‍ വെച്ച് :പവിത്രന്‍ തീക്കുനി

കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ

ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും

തെറ്റിപ്പോകും
നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്റെ അരകല്ലുപോലെ

ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും

മറ്റെവിടെയുമല്ല
വരാന്തയില്‍ത്തന്നെ,
നിന്റെ ഹൃദയത്തിന്റെ.

Friday, October 28, 2011

എന്നിട്ടും:പവിത്രന്‍ തീക്കുനി

അതി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍

ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.

ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും ....

മതില്‍:പവിത്രന്‍ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല,
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

അകല്‍ച്ച:പവിത്രന്‍ തീക്കുനി

ഞാന്‍ അനുഭവിച്ചിട്ടുണ്ട്
നിന്റെ ചിരി
ഒരു ശിക്ഷയാണ്.
ഞാന്‍ ഏറ്റിട്ടുണ്ട്
നിന്റെ മൗനം
ഒരു തീക്കൂനയാണ്.
ഞാന്‍ വീണിട്ടുണ്ട്
നിന്റെ നോട്ടം
ഒരു നീലിച്ച ഗര്‍ത്തമാണ്.
ഇപ്പോള്‍ നീ എവിടെയാണ്?
ഞാന്‍ എവിടെയാണ്?
അറിയില്ല.
അറിയാത്തിടത്ത് നമ്മളുണ്ട്.
പിരിഞ്ഞുപോകാന്‍ ആവാത്തവിധം
അകന്നിട്ട്..!

Thursday, October 27, 2011

പ്രണയപര്‍വം:പവിത്രന്‍ തീക്കുനി

ഒരു ചില്ലക്ഷരം
കൊണ്ടെങ്കിലും നിന്റെ
ഹൃദയത്തിലെന്നെ
കുറിച്ചിരുന്നെങ്കില്‍,

ഒരു ശ്യാമവര്‍ണം
കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ
വരച്ചിരുന്നെങ്കില്‍,

ഒരു കനല്‍ക്കട്ട
കൊണ്ടെങ്കിലും നിന്റെ
സ്മൃതികളിലെന്നെ
ജ്വലിപ്പിച്ചുവെങ്കില്‍,

ഒരു വെറും മാത്ര
മാത്രമെങ്കിലും നിന്‍
കനവിലേക്കെന്നെ
വിളിച്ചിരുന്നെങ്കില്‍,

അതുമതി തോഴി,
കഠിനവ്യഥകള്‍
ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം ….

Tuesday, October 25, 2011

ബാലശാപങ്ങള്‍ :മധുസൂദനന്‍ നായര്‍

ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ

ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ
ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ

കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു
കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി
ഒരുകാര്യം
കാണിക്കാമെന്നതിദൂരം പായിച്ചെന്നെ
കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?

ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി
തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ
ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി
ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ

സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍
കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും
അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍
എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ

ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-
ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ
ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു
എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്

പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.
നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു
അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും
എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു

മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു
പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു

നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം

ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,
കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ

കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ
കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ
കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ

നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ....

ക്ഷമാപണം:ബാലചന്ദ്രന്‍ ചുള്ളിക്കാട്


മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ രാത്രിയില്‍
ഞാന്‍ നിന്നരികിലിരുന്നുവോ?

നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീതശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തല തല്ലി വിളിച്ചുവോ?

കൂരിരുള്‍ മൂടിക്കിടക്കുന്നോരോര്‍മ്മ തന്‍
ഈറന്‍ തെരുവുകളാണ്
വെറും ശവഭോജനശാലകളാണ്
കിനാവറ്റ യാചകര്‍ വീണുറങ്ങും
കടത്തിണ്ണകളാണ്
ഘടികാര സൂചിയില്‍ക്കോര്‍ത്തുപിടയ്കും
ശിരസ്സുകളാണ് .

ബോധത്തിന്റെ പാതിരാത്തോര്‍ച്ചയില്‍
നെഞ്ചു പൊത്തിക്കൊണ്ട്
ചോര ചര്‍ദ്ടിക്കുന്ന രോഗികളാണ്
കൊമ്പിട്ടടിച്ചോരോ മനസ്സിന്‍
തണുത്ത ചെളിയിലും
കാരുടല്‍ പൂഴ്ത്തിക്കിടക്കും വെറുപ്പാണ്
ഭയം കാറ്റും മഴയും കുടിച്ച്‌
മാംസത്തിന്റെ ചതുപ്പില്‍ വളരുകയാണ്
പകയുടെ ഹിംസ്ര സംഗീതമാണ്.

ഓരോ നിമിഷവും
ഓരോ മനുഷ്യന്‍ ജനിക്കുകയാണ്
സഹിക്കുകയാണ്
മരിക്കുകയാണ്.

ഇന്നു ഭ്രാന്ത് മാറ്റാന്‍
മദിരാലയത്തിന്‍ തിക്ത സാന്ത്വനം മാത്രമാണ്.

എങ്കിലും
പ്രേമം ജ്വലിക്കുകയാണ്
നിരന്തരമെന്റെ ജടാന്തര സത്തയില്‍..

മാപ്പു ചോദിപ്പു
വിഷം കുടിച്ചിന്നലെ
രാത്രിതന്‍ സംഗീതശാലയില്‍
മണ്ണിന്റെ ചോര നാറുന്ന കറുത്ത നിഴലായ്
ജീവനെ,
ഞാന്‍ നിന്നരികിലിരുന്നുവോ?

Saturday, October 22, 2011

ബാധ : ചുള്ളിക്കാട്

1

ബൈക്കപകടം പുതുമയല്ല.
തലതകര്‍ന്നുമരണം പുതുമയല്ല.
അനുശോചനയോഗം പുതുമയല്ല,
നിന്‍റെ അടക്കം കഴിഞ്ഞ്
ഞങ്ങള്‍ കൂട്ടുകാര്‍
ഇതാ പിരിഞ്ഞുപോകുന്നു.

ഓള്‍ഡ് മങ്ക് സായാഹ്നങ്ങള്‍ക്കു വിട.
മാച്ചിസ്മൊ വേഗങ്ങള്‍ക്കുവിട.
പെട്രോളിന്‍റെ ഗന്ധമുള്ള
വിയര്‍പ്പുതുള്ളികള്‍ക്ക് വിട.

ഇനിയുള്ളകാലം
നിന്‍റെ മാംസത്തോട്
പച്ചമണ്ണുസംസാരിക്കും.
അന്തിമകാഹളം കേള്‍ക്കുവോളം
നിനക്കു വിശ്രമം.

ഈ നൂറ്റാണ്ടിന്‍റെ മേല്‍
അടുത്ത നൂറ്റാണ്ടു വന്നു വീഴുന്ന ഭാരിച്ച ശബ്ദം
നിന്നെ ഉണര്‍ത്താതിരിക്കട്ടെ.

2

ഞാന്‍ മറ്റാരുമല്ല.
രാത്രിയില്‍ മദ്യശാലയില്‍
വൈകി എത്തുന്ന പതിവുകാരന്‍.
ഇന്നത്തെ ഏകാകി.
എനിക്കെതിരെയുള്ള കസേരയില്‍
ഇന്നലെ ഈ സമയത്തു നീ ഉണ്ടായിരുന്നു.
ഇന്നവിടെ ശൂന്യതമാത്രം.

Wednesday, October 19, 2011

ഏകലവ്യന്‍:കുരീപ്പുഴ ശ്രീകുമാര്‍

അമ്മവിരല്‍ ചോദിച്ച
നീചനാണെന്‍ ഗുരു,
തിന്മയുടെ മര്‍ത്യാവതാരം.

ഇല്ലെങ്കിലെന്ത് വലംകൈ-
വിരല്‍? എനി-
യ്ക്കുള്ളതെന്‍ ഹൃദയപ-
ക്ഷത്തിന്നിടംവിരല്‍!

കൊല്ലാന്‍ വരട്ടെ,
വരുന്ന മൃഗങ്ങളെ,
വെല്ലുവാനാണെന്റെ
ജന്മം..

നഗ്നകവിതകള്‍:കുരീപ്പുഴ

1 .തപാല്‍മുദ്ര

ഗോഡ്സെക്കു
പോസ്ടോഫീസില്‍
ജോലികിട്ടി.

മൂപ്പര്
ആഹ്ലാദഭരിതനാണ്.

ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ.......

2 .കുടം

മമ്മീ മമ്മീ
കുടം എന്നെഴുതാന്‍
നാന്‍ പഠിച്ചു.

എങ്ങനാ മോളെ?

ആദ്യം കു എഴുതണം
പിന്നെ എസും സീറോയും.

കര്‍ത്താവെ
കുവിനുംകൂടി ഇംഗ്ളീഷ് തന്നു
ന്‍റെ മോളെ രക്ഷിക്കണേ.

3.കാളി

കാളിയമ്പലത്തിലെ
കാണിക്കകളുടെ
കണക്കെടുത്തപ്പോള്‍
അമ്പലക്കമ്മിറ്റി
അമ്പരന്നു.

ഒരു പൊതി.
അതില്‍
ബ്ലൌസും ബ്രായും.



4.കല്യാണം

മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറിവിട്ട്‌
കാറ്റുകൊള്ളാനിരുന്നപ്പോള്‍
കടല്‍ പറഞ്ഞു.

ഇത്രെമൊക്കെയായില്ലേ
ഇനി കല്യാണിച്ചൂടെ?

ഇണകളുടെ മുഖം ചുവന്നു.

കാശും കാറും
ജാതിയും ജാതകവും
നോക്കാതെയോ?

കടലമ്മേ കടലമ്മേ
കളിയല്ല കല്യാണം.

5.പെണ്ണെഴുത്ത്

ചേട്ടാ ഞാനിന്നൊരു
ചെടി നട്ടു.
അയാള്‍ തടം നനച്ചു.

ചേട്ടാ ഞാനിന്നൊരു
പുതിയ കറി വെച്ചു.
അയാള്‍ അത്താഴിച്ച്ച് അഭിനന്ദിച്ചു.

ചേട്ടാ ഞാനിന്നൊരു
കഥ എഴുതി.
അന്ന് ആ വീട്ടില്‍
സ്റ്റൌ പൊട്ടിത്തെറിച്ചു.

6.ദൈവവിളി

ഹലോ,വക്കീലല്ലേ?
അതെ.
ഇത് ദൈവം.
എന്തേ വിളിച്ചത്?
നിങ്ങളുടെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ?
ഉടന്‍ ഫയല്‍ ചെയ്യണം
മാനനഷ്ടക്കേസ്

7.കൃഷി

പതിനാലു കാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ,നിക്ക്
സ്കൂളില്‍ പോണം .

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?

ശ്ശോ ,നിക്ക്
ടുഷന് പോണം .

മതങ്ങളും കോടതികളും
മീശ പിരിച്ചു.
വയലിനോടു ചോദിച്ചിട്ട് വേണോ
കൃഷി ഇറക്കാന്‍?

8.ഗള്‍ഫ് യുദ്ധം

സ്റ്റാഫ് റൂമില്‍
ഗള്‍ഫ് യുദ്ധം.

നൂറ്റൊന്നു സാരിയുണ്ടെന്നു
ശ്യാമള ടീച്ചര്‍ .
നൂറേ കാണുന്നു
ഷക്കീല ടീച്ചര്‍ .

യുദ്ധാവസാനം
രണ്ടു നിരപരാധികള്‍
ക്ലാസ് മുറിയില്‍ മരിച്ചു കിടന്നു.

ഫിസിക്സും കെമിസ്ട്രിയും.

9.ജ്യോത്സ്യന്‍
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്.

10.രാഹുകാലം

ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം.

Monday, October 17, 2011

നീ നോക്കുമ്പോള്‍:ശിഹാബുദ്ദീന്‍ പൊയ്തുംകടവ്


ജനാലയ്കപ്പുറം
ഞാന്‍ എന്നെ കണ്ടു.
ദൈവത്തിലെയ്കു തുറന്ന് പിടിച്ച
ഭിക്ഷാപാത്രവുമായി ഞാന്‍.
കണ്ണുകളില്‍
കഴിഞ്ഞ തുലാവര്‍ഷത്തിലെ
അമ്ലമഴയുണ്ടായിരുന്നു.
അസ്തമിക്കാറായ
ആകാശമുണ്ടായിരുന്നു.

എന്റെ ഏകാന്തത
നാലു ചുമരുകളെ
വളയാക്കി അണിഞ്ഞിരിക്കുന്നു.
നൂറ്റാണ്ടുകളായി കണ്ടിട്ടും
എനിക്കപരിചിതങ്ങളായ
കെട്ടിടങ്ങള്‍ പോലെ
എന്റെ സ്നേഹം
എന്നെ നോക്കുന്നു.....

ജെസ്സി :കുരീപ്പുഴ ശ്രീകുമാര്‍

` ജെസ്സീ നിനക്കെന്തു തോന്നി?.

പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍ ...
‍മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ..?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കിനാം നില്‍ക്കവേ,
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ...

കണ്ടോ പരസ്‌പരം ജെസ്സീ.. ?

കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ,
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?

സുമംഗലി : അയ്യപ്പന്‍

ഒരേ മണ്ണുകൊണ്ട്
നീയും ഞാനും സൃഷ്ടിക്കപ്പെട്ടു.
പ്രാണന്‍കിട്ടിയ നാള്‍മുതല്‍
നമ്മുടെ രക്തം ഒരുകൊച്ചരുവിപോലെ
ഒന്നിച്ചൊഴുകി.
നമ്മുടെ പട്ടങ്ങള്‍
ഒരേ ഉയരത്തില്‍ പറന്നു.
കളിവള്ളങ്ങള്‍
ഒരേ വേഗത്തില്‍ തുഴഞ്ഞൂ.
കടലാസ് തത്തകള്‍ പറഞ്ഞു;
നമ്മള്‍ വേഗം വളരുമെന്ന്;
വീടുവെച്ച് വേളി കഴിക്കുമെന്ന്.

ഒഴുകിപ്പോയ പുഴയും
കീറിപ്പോയ കടലാസ് തത്തകളും
ഇന്ന് സാക്ഷികളല്ല.
കുട്ടിക്കാലം നദിതീരത്തേക്ക്
കൗമാരം തമോഭരത്തിലേക്ക് .

മനസ്സില്‍ പെട്ടെന്ന് വെളിച്ചം പൊലിഞ്ഞുപോയ
ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു.
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്.
നമ്മള്‍ വെള്ളം തേകിയ നീര്‍മാതളം പട്ടുപോയ്‌.

നീയറിഞ്ഞോ
നമ്മുടെ മയില്‍പ്പീലി പെറ്റു:
നൂറ്റൊന്നു കുഞ്ഞുങ്ങള്‍ ....

Monday, October 10, 2011

‘ക്യാ?’:കടമ്മനിട്ട രാമകൃഷ്ണന്‍

ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു.
‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു.
‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ‘ക്യാ? ’

Monday, October 3, 2011

ഐഡന്റിറ്റി കാര്‍ഡ് : മുഹമ്മദ്‌ ദാര്‍വിഷ്

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്ക് എട്ടു മക്കള്‍
ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന
സഖാക്കള്‍ക്കൊപ്പം പണി.
എനിക്ക് എട്ടു മക്കള്‍
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്
അപ്പക്കഷണം പിടിച്ചെടുക്കുന്നു,
ഉടുപ്പുകളും നോട്ടുബുക്കുകളും.
നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്
ഞാന്‍ പിച്ച തെണ്ടുന്നില്ല.
നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി
ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര്
എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന
ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍
എന്റെ വേരുകളുറച്ചു
കാലത്തിന്റെ പിറവിക്കും മുമ്പ്,
യുഗങ്ങള്‍ പൊന്തിവരും മുമ്പ്,
ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്,
കളകളുടെ പെരുക്കത്തിനും മുമ്പ്.
എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന്
ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല
എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു
കുലവും വംശാവലിയുമില്ലാത്തവന്‍
എന്റെ വീട് കാവല്‍ക്കാരന്റെ കൂര,
കമ്പും മുളയുംകൊണ്ട് കൂട്ടിയത്.
എന്റെ പദവികൊണ്ട് തൃപ്തിയായോ ആവോ?
വീട്ടുപേരില്ലാത്ത വെറും പേരാണു ഞാന്‍

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
മുടിയുടെ നിറം: മഷിക്കറുപ്പ്
മണ്ണിന്റെ നിറം: തവിട്ടുനിറം
തിരിച്ചറിയാനുള്ള അടയാളങ്ങള്‍:
എന്റെ തലയില്‍ക്കെട്ടിനു മീതേ ചരടുകള്‍,
തൊടുന്നവനെ മാന്തുന്നവ.
എന്റെ വിലാസം:
ഞാന്‍ നാട്ടിന്‍പുറത്തുനിന്നാണ്.
അകലെ, മറക്കപ്പെട്ട ഒന്ന്
അതിന്റെ തെരുവുകള്‍ക്ക് പേരില്ല
ആളുകളൊക്കെ വയലിലും മടയിലും
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ

രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!

(വിവര്‍ത്തനം : സച്ചിതാനന്ദന്‍ )

Saturday, October 1, 2011

എന്റെ രാഷ്ട്രീയ കക്ഷിക്ക് :നെരൂദ

"അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തുമുഴുവന്‍
നീ എനിക്ക് നല്‍കി.
ഒരു പുതിയ ജന്മത്തില്‍ എന്നപോലെ
എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്‍കി.
ഏകാകിയായ മനുഷ്യന് ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്‍കി.
എന്നിലെ കാരുണ്യവായ്പിനെ
ഒരഗ്നിയെപോലെ ഉദ്ദീപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു.
ഒരു വൃക്ഷത്തിന് അനിവാര്യമായ ഔന്നത്യം നീ
എനിക്കു തന്നു.
മനുഷ്യരുടെ ഏകത്വവും നാനാത്വവും ദര്‍ശിക്കുവാന്‍
നീ എന്നെ പ്രാപ്തനാക്കി.
എല്ലാവരുടെയും വിജയത്തില്‍
എന്റെ വൈയക്തിക ദു:ഖങ്ങള്‍ക്ക്
മരണമടയാന്‍ കഴിയുന്നതെങ്ങിനെയെന്നു
നീ എനിക്കു കാണിച്ചുതന്നു.
എന്റെ സഹോദരന്മാരുടെ കഠിന ശയ്യയില്‍
വിശ്രമം കൊള്ളാ
ന്‍ ‍നീ എന്നെ പഠിപ്പിച്ചു.
ഒരു പാറമേല്‍ എന്നപോലെ യാഥാര്‍ത്യത്തിനുമേല്‍
നിര്‍മ്മാണം നടത്താന്‍ നീ എന്നെ പ്രേരിപ്പിച്ചു.
മന്ദബുദ്ധിക്ക്‌ പ്രകാരമെന്നപോലെ
ദുഷ്കര്‍മങ്ങള്‍ക്ക് നീയെന്നെ ശത്രുവാക്കി.
ലോകത്തിന്‍റെ പ്രസന്നതയും സൌഖ്യത്തിന്റെ
സാധ്യതയും
കണ്ടെത്തുവാന്‍ നീ എന്നെ പഠിപ്പിച്ചു.
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍,
ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല."

സ്‌നാനം-ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.

(1993 )