Saturday, March 10, 2012

മൂന്നാം മുറി:കുരീപ്പുഴ ശ്രീകുമാര്‍

മൂന്നാം മുറിയില്‍ കസേരയിലിരിക്കുന്നു
കണ്ണട വെച്ചു മുഖം കുനിച്ചിട്ടൊരാള്‍
തൊട്ടടുത്തജ്ഞാത രേഖകള്‍ കോറിയ
പുസ്തകത്തില്‍ കണ്ണുറപ്പിച്ചു മറ്റൊരാള്‍
രക്തം കറുത്ത കൈ മുദ്രകള്‍ ചാര്‍ത്തിയ
ഭിത്തിയില്‍ തൂങ്ങും ചുവന്ന കുപ്പായത്തിന്‍
കൈയില്‍ നിന്നും മെയ്യിലേക്ക് ചിലന്തികള്‍
നെയ്ത വലയില്‍ കിനാവിന്‍റെ പല്ലുകള്‍

പിച്ചളക്കിണ്ടി നിറച്ചു ചാരായവും
പച്ചില ചീന്തില്‍ വറുത്ത മനസ്സുമായ്
കഷ്ട കാലത്തിന്‍റെ കാവല്‍ ഭടന്‍ വന്നു
മുട്ടുന്നു വാതിലില്‍ .
നീണ്ട നഖങ്ങള്‍ വന്നൊറ്റക്കതക്
തുറന്നു വാങ്ങിക്കൊണ്ട്
കൊട്ടിയടച്ചു മൗനത്തെ വിളിക്കുന്നു .
നാക്കിലൊരിത്തിരി ചാരായമിറ്റിച്ചു
വാക്കുകള്‍ കീറിയെടുത്ത രണ്ടാമനില്‍
ഭാഷയും ഭാവവും മര്‍ത്യജന്മത്തിന്‍റെ
ദോഷ ഫലത്തില്‍ പ്രകാശം പുരട്ടുന്നു .
ഏഴക്ഷമുള്ള പദങ്ങള്‍ ഭുജിച്ചു കൊ-
ണ്ടായുസ്സു നീട്ടി എടുത്തയാള്‍ പിന്നെയും
പാപ പ്രബന്ധം പതുക്കെപ്പടിച്ചര്‍ത്ഥ -
മാപിനി നോക്കിപ്പരതുന്നു വാക്കുകള്‍

‘സംഘ വിചാരണ വേണം,കിനാവിന്‍റെ
പക്ഷിയേക്കൊന്നു ഭക്ഷിച്ചു കാട്ടാളനെ
പച്ചയ്ക്ക് തീയിട്ടു കൊള്ളണം ,
കുന്നിന്‍റെയുച്ചി വൃക്ഷത്തില്‍
ശവം കൊളുത്തീടണം ’

കണ്ണട കൈയിലെടുത്തു തുടച്ചുകൊ -
ണ്ടൊന്നാമനൊന്നു ചോദിച്ചു -
കാട്ടാളനെ കണ്ടു പിടിക്കുന്നതെങ്ങനെ?

പുസ്തകത്തിന്‍ പുഴപ്പാടില്‍,അതിന്‍ കൃത്യ-
മുത്തരം തേടി നീന്തീടുന്നു മറ്റെയാള്‍
ഓലയോളങ്ങള്‍ മുറിച്ചു ഗ്രന്ഥത്തിന്റെ
നീലക്കയത്തില്‍ തിരഞ്ഞു മുങ്ങീടവേ
മൂന്നാം മുറിക്കു തീ കത്തി,ശവം തിന്നു -
പോകുവാന്‍ കാട്ടാളനെത്തീ പൊടുന്നനെ.