Showing posts with label സച്ചിതാനന്ദന്‍. Show all posts
Showing posts with label സച്ചിതാനന്ദന്‍. Show all posts

Monday, May 19, 2014

"പ്രണയ ബുദ്ധന്‍" - സച്ചിദാനന്ദന്‍

'ഭൂമിയിലെയ്ക്കുംവെച്ചു മധുരമേറിയ ചുംബനമേതാണ് ?'
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു

ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നിറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍പോലുള്ള ചുംബനമാണോ ?

സ്വര്‍ണമുരുകുന്ന
സൂര്യകാന്തിപ്പൂവി ന്ന പ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ ?

ഭര്‍തൃജഡത്തിന്റെ മരിച്ച ചുണ്ടില്‍
വിധവ അര്‍പ്പിക്കുന്ന
വിരഹ സ്നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ ?

ഗുരുവിന്റെ നവസ്നാത പാദത്തില്‍
യുവ സംന്യാസി അര്‍പ്പിക്കുന്ന
വിശുദ്ധമായ വിരക്ത ചുംബനമാണോ ?

അതോ,കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിന്നും
വെയില്‍ വനത്തിനും നിലാവു നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ ?

ഇപ്പോള്‍ ഞാനതിനുത്തരം പറയാം ;
ദേവികുളത്തിനു മുകളില്‍ മൂടല്‍മഞ്ഞിന്നൊരു വീടുണ്ട്
അപ്പുറത്തു മലഞ്ചെരുവുകളില്‍
കത്തി യൊലിക്കുന്നമരതകം
ഇപ്പുറത്തു ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമ ഗാംഭീര്യം .

പാറക്കെട്ടുകള്‍ക്കിടയില്‍ മരണംപോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ
അതില്‍വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കലുടെ സമ്മിശ്രഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബന
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു ,
അന്ത്യ ചുംബനവും
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു

ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി ,
കാലം മുഴുവന്‍ ഒരൊറ്റ നിമിഷത്തിലേക്കു ചുരുങ്ങി
ഇരുളില്‍ നമ്മുടെ ചുംബനം
ഇടിമിന്നല്‍പോലെ തിളങ്ങി ,
ആ ഗുഹ ബോധിയായി,
എനിക്കു പ്രണയത്തിന്റെ വെളിപാടുണ്ടായി,
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു,
അവസാന മനുഷ്യ ജോടിക്കും
പ്രണയനിര്‍വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളൂ .

'അന്ത്യമൊഴി' - സച്ചിദാനന്ദന്‍

ഞാന്‍ അശോകന്‍ ,

ശവക്കൂനകളുടെ
ശോകസമ്പന്നനായ കാവല്‍ക്കാരന്‍
സോദരശിരസ്സുകളില്‍ ചവിട്ടി
രക്തനദി താണ്ടുന്ന ദുര്യോധനന്‍
രുധിരകലശം കിരീടമാക്കിയ
പാഴ്മാംസം.
എന്‍റെ പശ്ചാത്താപം
മരുഭൂവില്‍ ചുറ്റിത്തിരിയുന്ന
ഷണ്ഡനായ കാളക്കൂറ്റന്‍
എന്‍റെ മാനസാന്തരം
ചോരയില്‍ മുങ്ങിയ വാളിന്നുമീതേ
ചുറ്റിയ കാവിവസ്ത്രം.
ധര്‍മ്മം പ്രവചിക്കുന്ന ഈ സ്തൂപങ്ങള്‍ക്ക്
എന്‍റെ പാപം ഒളിപ്പിക്കാനാവില്ല.
അവയും എന്‍റെ കീര്‍ത്തിസ്തംഭങ്ങളാവും ,
എന്‍റെ തിന്മയുടെ വിജ്രുംഭണങ്ങള്‍.
എന്‍റെ ചക്രത്തിന്‍റെ ഓരോ ആരക്കാലും
ഞാനൊടുക്കിയ ഓരോ വംശത്തിന്‍റെ
നട്ടെല്ല് ,
എന്‍റെ സിംഹങ്ങളുടെ ഓരോ സടാരോമവും
ഞാന്‍ ചുട്ട നഗരങ്ങളുടെ ഓരോ ചിതാജ്ജ്വാല .
ഞാന്‍ രണ്ടു യുദ്ധവും തോറ്റു
എനിക്കു വധശിക്ഷ നല്‍കുക
അന്ത്യാഭിലാഷം ഇത്രമാത്രം ;
ഞാനാകട്ടെ ഭൂമിയിലെ
അവസാനത്തെ രാജാവ്.

Thursday, May 31, 2012

വല്ലപ്പോഴും : സച്ചിതാനന്ദന്‍

വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ് 
ആത്മഹത്യക്ക് തൊട്ടു മുന്‍പ് പോലും 
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു 
കോള് കൊണ്ട കടലില്‍ 
മുക്കുവര്‍ തോണിയിറക്കുന്നു 
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട് 
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു 
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു 
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു 
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു 
നെറ്റിപ്പട്ടം കെട്ടിയ ആനകളെ 
സ്വപ്നം കാണുന്നു 
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത് 
കാറ്റായി മാറുന്നു 
ഒരു പക്ഷി തിരിച്ചു പറക്കും വഴി 
നാലു നീല മുട്ടകളും ഒരു നക്ഷത്രവും 
സന്ധ്യയില്‍ നിക്ഷേപിക്കുന്നു 
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍ 
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു 
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു 
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി 
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു .

ഇതേ ഭൂമിയുടെ ഉദരത്തില്‍
എനിക്കീ നിമിഷം കാണണം
ആത്മാവുള്ള ഒരടയാളം
അയ്യങ്കാളിയെപ്പോലെ
ചിറകു മുളച്ച ഒരു മഷിത്തുള്ളി,
അബ്ദുറഹ്‌മാനെപ്പോലെ ധീരസ്നേഹത്തിന്റെെ 
പച്ചവയലില്‍ വിളയുന്ന സ്വാതന്ത്ര്യത്തിന്റെറ 
ഒരു സ്വര്‍‌ണ്ണക്കതിര്‍,
കേളപ്പനെപ്പോലെ മണലില്‍ വിടരുന്ന
ഒരു വെളുത്ത ശം‌ഖു പുഷ്പം,
വി.ടി. യെപ്പോലെ ചിരിച്ചു പെയ്യുന്ന 
വിശുദ്ധമായ ഒരു വേനല്‍ മഴ,
എ.കെ.ജിയെപ്പോലെ നിഷ്കാമമായ
പളുങ്കുഹൃദയത്തിന്റെെ ഒരു തരി,
വര്‍‌ഗീസിന്റെറ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളില്‍ നിന്ന് 
കിളിര്‍‌ത്തുയരുന്ന ബോധിയുടെ ഒരില.

പറയൂ,
ഉണ്ടെന്ന്,
അത് ശ്വസിക്കുന്നുവെന്ന്,
ചലിക്കുന്നുവെന്ന്,
ഇതേ ഭൂമിയുടെ ഉദരത്തില്‍ .
എന്‍റെ ഹതാശമായ കാതുകള്‍ ഞാന്‍ 
മണ്ണിനോട് ചേര്‍‌ത്ത് വെക്കട്ടെ

Friday, May 18, 2012

പോകുന്നവരേ : സച്ചിതാനന്ദന്‍

പോകുന്നവരേ പോകാനനുവദിക്കുക 
ബാക്കിയായവരിലേക്ക് ദൃഷ്ടി തിരിക്കുക 
കണ്ണാടിയിലേക്ക് നോക്കുക 
ഒരു മാലാഖ അതിന്നകത്തു നിന്നു 
നിങ്ങളെ നോക്കി ‘ജീവിക്കൂ ജീവിക്കൂ ’
എന്നു നിങ്ങളുടെ സ്വരത്തില്‍ മന്ത്രിക്കുന്നു 
നിശബ്ദതയ്ക്കു കാതോര്‍ക്കുക ;
അത് വാസ്തവത്തില്‍ ഒരു ആരവമാണ് 
മുടി പിറകിലേക്ക് തട്ടി നീക്കി 
കാമുകിയേപ്പോലെ പൊട്ടിച്ചിരിക്കുന്ന 
വെള്ളച്ചാട്ടങ്ങള്‍ ,ഇലകളുടെ നൃത്തം 
കാറ്റിന്‍റെ ചിലമ്പ്,ചീവീടുകളുടെ കളകളം 
പുഴയ്ക്കക്കരെ നിന്ന്‌ 
ഇനിയും മരിക്കാത്തവരുടെ പാട്ട് 
കാതുകളില്‍ മുക്കുറ്റിക്കുലകള്‍ ഞാത്തി 
കൈകള്‍ കൊട്ടി കടന്നു വരുന്ന ചിങ്ങം 
ഇന്നലെ ഇല്ല,നാളെയും ഇല്ല 
ആകാശത്തേയ്ക്ക് തുറക്കുന്ന 
വര്‍ത്തമാനത്തിന്‍റെ വാതിലുകള്‍ മാത്രം 
പിന്നെ മണങ്ങളും 
ഈറന്‍ വൈക്കോലിന്റെ,നെല്ല് 
പുഴുങ്ങുന്നതിന്‍റെ,പുതു മണ്ണിന്‍റെ 
ഇലഞ്ഞിയുടെ,കമുകിന്‍ പൂക്കിലയുടെ 
ഏലത്തിന്‍റെ ,പാമ്പിന്‍ മുട്ടയുടെ 
വൃക്ഷങ്ങളുടെയും മനുഷ്യരുടേയും 
രഹസ്യ സ്രവങ്ങളുടെ .
ഇന്നു രാത്രി ഞാന്‍ ഉറങ്ങുകയില്ല 
നിങ്ങളെ ഉറക്കുകയുമില്ല

യമുന കടക്കുമ്പോള്‍ :സച്ചിതാനന്ദന്‍

കാറില്‍ കടക്കുന്നു
ഞാന്‍ യമുന
പാലം കടക്കുക-
യാണൊരാന 
ക്രൂരം പുലരി;എന്‍
കാതില്‍ നീളെ
മേളം,കരിമ്പിന്‍
മധുര ഗന്ധം
കാവല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
ഈ മഴ പഞ്ചാരി-
യല്ലയെങ്കില്‍ 
കാടല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
താഴേക്കളകളം
ഇല്ലായെങ്കില്‍

ആനയിപ്പാലം പുഴ-
യ്കെനിക്കോ
ഈ മഴ കാവ്
മുകിലു കാട്.

കാറില്‍ യമുന
കടന്നു ചെന്നാല്‍
കാണുമോ കാളിയന്‍ ?
കണ്ണനാമോ?

Wednesday, February 15, 2012

മകള്‍ : സച്ചിതാനന്ദന്‍

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്ത്‌ നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

Wednesday, January 18, 2012

മുരിങ്ങ: സച്ചിതാനന്ദന്‍


തെക്കു പുറത്തെ മുരിങ്ങമരം
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്‍റെ ഇലകളുടെ പച്ചപ്പ്‌
പിന്നെ ഞാന്‍ കണ്ടതു കാശിയില്‍
ഗംഗയുടെ നെയ്ത്തുകാര്‍ അവ
പട്ടാക്കി മുന്നിലേക്കിട്ടു തന്നു

മുരിങ്ങയില്‍ പൂക്കള്‍ പെരുകുമ്പോള്‍
ഞാന്‍ മാനത്തേയ്ക്ക് നോക്കും
നക്ഷത്രങ്ങള്‍ അവിടെത്തന്നെയുണ്ടോ
എന്നറിയാന്‍.
പിന്നെ ഓരോ നാളും നീണ്ടു വരുന്ന
ആ പച്ച വിരലുകള്‍
ഒരു ദിവസം അരിവാള്‍ത്തോട്ടിയില്‍ കുരുങ്ങി
തങ്ങള്‍ ചൂണ്ടിക്കൊണ്ടിരുന്ന അതേ
ഭൂമിയിലേക്ക്‌ വീണു പോകുമെന്നറിയാത്തവ.
എത്ര രക്ത ശൂന്യമായ മരണം,വെറും പച്ച

പക്ഷെ ചെണ്ടക്കോലുകള്‍ ഈമ്പിക്കുടിക്കുമ്പോള്‍
എത്ര പൂരങ്ങള്‍ നാവില്‍!
കുരുക്കള്‍ നാവില്‍ത്തടയുമ്പോള്‍
എത്ര മദന രാവുകള്‍ തൊണ്ടയില്‍!

ആ മുരിങ്ങ ഇന്നില്ല
അതിന്‍റെ കാല്‍ക്കലിരുന്നു കളിക്കാറുള്ള
കുട്ടിയുടെ കല്ലും കക്കയും
അന്‍പത്തേഴു മഴകളിലൊലിച്ച് പോയി
പിന്നെ,ചിതറിയ ചില വളപ്പൊട്ടുകള്‍
അവ മണ്ണിന്നടിയിലിപ്പോഴും കണ്ടേക്കും
ഇവിടെത്തന്നെ വളര്‍ന്നു പൂത്ത
മറ്റൊരു മുരിങ്ങയുടെ നിഴലില്‍
ആവിഷ്ട കൗമാരത്തിന്‍റെ
ഒരാകസ്മിക ജ്വാലയില്‍ പൊള്ളി
മറ്റൊരു പാവാടക്കാരിയുടെ കൈത്തണ്ടയില്‍ നിന്നു
സ്വയം പൊടിഞ്ഞു വീഴുന്നതും സ്വപ്നം കണ്ട് ....

Wednesday, November 9, 2011

പോയ്ക്കഴിഞ്ഞാല്‍:സച്ചിതാനന്ദന്‍

1

പോയ്ക്കഴിഞ്ഞാല്‍
ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും

നിങ്ങള്‍ അത്താഴത്തിന്നിരിക്കുമ്പോള്‍
എന്നേ കാണും,കിണ്ണത്തിന്‍ വക്കിലെ ഉപ്പു തരിയായി
നോട്ടു പുസ്തകം തുറക്കുമ്പോള്‍ കാണും
ഉണങ്ങിയിട്ടും മണം വിടാത്ത കൈതപ്പൂവായി .

വെറ്റിലയില്‍ ഞാന്‍ ഞരമ്പാകും
കുന്നിമണിയുടെ കറുപ്പാകും
ചെമ്പരത്തിയുടെ കേസരമാകും
പനിക്കൂര്‍ക്കയുടെ ചവര്‍പ്പാകും
കാന്താരിയുടെ എരിവാകും
കാക്കയുടെ കറുപ്പാകും
കലമാനിന്റെ കുതിപ്പാകും
പുഴയുടെ വളവാകും
കടലിന്‍റെ ആഴമാകും ഞാന്‍ .

സൂര്യനാവില്ല ഞാന്‍
ചന്ദ്രനോ ചക്രവാളമോ ആവില്ല
താമരയും മയില്‍പ്പീലിയുമാവില്ല

അക്ഷരമാവും ഞാന്‍
ഓരോ തലമുറയുടേയും കൂടെ
വീണ്ടും ജനിക്കുന്ന അക്ഷരം

രക്തമാവും ഞാന്‍
കൊല്ലപ്പെട്ട നീതിമാന്‍റെ
മരിച്ചാലും കട്ടിയാകാത്ത രക്തം .

മഴയാവും ഞാന്‍
എല്ലാം വിശുദ്ധമാക്കുന്ന
അവസാനത്തെ മഴ

2

പോയ്ക്കഴിഞ്ഞാല്‍ ഞാന്‍
ഒരിക്കല്‍ തിരിച്ചു വരും
വന്നു വാതിലില്‍ മുട്ടും
ഏഴുവരിക്കവിതയില്‍
ഒരു വരി ചേര്‍ത്ത് മുഴുമിപ്പിക്കുവാന്‍
മുറ്റത്തെ കാശിത്തുമ്പയില്‍
ഒടുവില്‍ വിരിഞ്ഞ പൂവിനു ഏതു നിറമെന്നറിയാന്‍
അധികാരം കൊന്ന തരുണന്റെ ജഡം
മറവിയുടെ ഏതാഴത്തിലെന്നറിയാന്‍
തടവറയിലേക്കയച്ചു മടങ്ങി വന്ന കത്ത്
ശരിയായ വിലാസത്തില്‍ വീണ്ടുമയയ്ക്കാന്‍
പാതി വായിച്ച നോവലിലെ നായകന്‍ ഒടുവില്‍
തട്ടിക്കൊണ്ടു പോകപ്പെട്ട അച്ഛനമ്മമാരേ
കണ്ടെത്തിയോ എന്നറിയാന്‍

തിരിച്ചു വരും
നാട്ടു വര്‍ത്തമാനങ്ങളിലേക്കും
ഉത്സവ മേളങ്ങളിലേക്കും
പഴയ കിളിക്കൊഞ്ചലുകളിലേക്കും

ആര്‍ക്കറിയാം
ജീവിതത്തിലേക്കു തന്നെ.....