Friday, May 18, 2012

യമുന കടക്കുമ്പോള്‍ :സച്ചിതാനന്ദന്‍

കാറില്‍ കടക്കുന്നു
ഞാന്‍ യമുന
പാലം കടക്കുക-
യാണൊരാന 
ക്രൂരം പുലരി;എന്‍
കാതില്‍ നീളെ
മേളം,കരിമ്പിന്‍
മധുര ഗന്ധം
കാവല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
ഈ മഴ പഞ്ചാരി-
യല്ലയെങ്കില്‍ 
കാടല്ലിതെന്നു ഞാന്‍
വിശ്വസിക്കാം
താഴേക്കളകളം
ഇല്ലായെങ്കില്‍

ആനയിപ്പാലം പുഴ-
യ്കെനിക്കോ
ഈ മഴ കാവ്
മുകിലു കാട്.

കാറില്‍ യമുന
കടന്നു ചെന്നാല്‍
കാണുമോ കാളിയന്‍ ?
കണ്ണനാമോ?

Thursday, May 17, 2012

കുറത്തി-കടമ്മനിട്ട

മലഞ്ചൂരല്‍മടയില്‍നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും
കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ-
പ്പൊളിയില്‍നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍
കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും
വിണ്ടുകീറിയ നെഞ്ചുമായി
കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍
കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്‍കുടത്തിന്‍
മുറിവില്‍ നിന്നും മുറിവുമായി
കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ
കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന്‍
കണ്ണില്‍നിന്നും
കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍
കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി
കുറത്തി നില്‍ക്കുന്നു
കരിനാഗക്കളമേറി
കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന്‍ കട ചുകന്ന്
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്പിന്‍ ഉടല്‍ വിറച്ച്
കുറത്തിയുറയുന്നു.
അരങ്ങത്തു മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ ഞങ്ങള്‍
കാട്ടുചോലത്തെളിനീര്
പകര്‍ന്നു തന്നില്ലേ പിന്നെ
പൂത്തമാമരച്ചോട്ടില്‍ നിങ്ങള്‍
കാറ്റുകൊണ്ടു മയങ്ങിയപ്പോള്‍
കണ്ണുചിമ്മാതവിടെ ഞങ്ങള്‍
കാവല്‍ നിന്നില്ലേ ,
കാട്ടുപോത്ത്,കരടി,കടുവ
നേര്‍ത്തുവന്നപ്പോള്‍ ഞങ്ങള്‍
കൂര്‍ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലേ പുലിയുടെ
കൂര്‍ത്തപല്ലില്‍ ഞങ്ങളന്ന്
കോര്‍ത്തുപോയില്ലേ വീണ്ടും
പല്ലടര്‍ത്തി വില്ലുമായി
കുതിച്ചുവന്നില്ലേ ,അതു നിങ്ങളോര്‍ക്കുന്നോ?
നദിയരിച്ച് ,കാടരിച്ച്, കടലരിച്ച്,
കനകമെന്നും കാഴ്ചതന്നില്ലേ ഞങ്ങള്‍
മരമരിച്ച് ,പൂവരിച്ച് ,തേനരിച്ച്
കാഴ്ചവെച്ചില്ലെ നിങ്ങള്‍
മധുകുടിച്ച് മത്തരായി
കൂത്തടിച്ചില്ലേ ഞങ്ങള്‍
വഴിയൊരുക്കും ഞങ്ങള്‍ വേര്‍പ്പില്‍
വയറുകാഞ്ഞു പതം പറയാനറിഞ്ഞുകൂടാ
തന്തിചായാന്‍ കാത്തുകൊണ്ടു വരണ്ടു
വേലയിലാണ്ടു നീങ്ങുമ്പോള്‍
വഴിയരികില്‍ ആര്യവേപ്പിന്‍
ചാഞ്ഞകൊമ്പില്‍ ചാക്കുതുണിയില്‍
ചെളിപുരണ്ട വിരല്‍കുടിച്ചു
വരണ്ടുറങ്ങുന്നു ഞങ്ങടെ പുതിയ തലമുറ;
മുറയിതിങ്ങനെ തലയതെങ്ങനെ
നേരെയാകുന്നു.

പണ്ടുഞങ്ങള്‍ മരങ്ങളായി വളര്‍ന്നു
മാനം മുട്ടിനിന്നു,തകര്‍ന്നു പിന്നെ
യടിഞ്ഞു മണ്ണില്‍ തരിശുഭൂമിയുടെല്ലുപോലെ
കല്ലുപോല്‍ കരിയായി കല്‍ക്കരി
ഖനികളായി വിളയുമെങ്ങളെ
പുതിയ ശക്തി ഭ്രമണശക്തി
പ്രണവമാക്കാന്‍ സ്വന്തമാക്കാന്‍
നിങ്ങള്‍ മൊഴിയുന്നു:
'ഖനി തുരക്കൂ,തുരന്നുപോയി-
പ്പോയിയെല്ലാം വെളിയിലെത്തിക്കൂ
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ.
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍ ,
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ 
കല്ലു വീണുമുറിഞ്ഞ മുറിവില്‍
മൂത്രമിറ്റിച്ചു,മുറിപ്പാടിന്നു
മേതോ സ്വപ്നമായുണര്‍ന്നു നീറുന്നു.
കുഴിതുരന്നു തുരന്നു കുഴിയായ്
തീര്‍ന്ന ഞങ്ങള്‍ കുഴിയില്‍നിന്നു
വിളിച്ചുചോദിച്ചു:
ഞങ്ങള്‍ക്കന്നമെവിടെ?എവിടെ
ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍ ?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ?
അല്പമല്പമുറക്കെയായച്ചോദ്യമവിടെ
കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍
ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയി-
ലായിയമര്‍ന്നു ചോദ്യം 
കല്‍ക്കരിക്കറയായി ചോദ്യം
അതില്‍ മുടിഞ്ഞവരെത്രയാണെന്നോ?
ഇല്ലില്ലറിവുപാടില്ല, വീണ്ടും ഖനിതുരന്നല്ലോ!
ആവിവണ്ടികള്‍ ,ലോഹദണ്ഡുകള്‍
ലോഹനീതികള്‍ ,വാതകക്കുഴല്‍
വാരിയെല്ലുകള്‍ ,പഞ്ഞിനൂലുകള്‍
എണ്ണയാറുകള്‍ ,ആണികള്‍
നിലമിളക്കും കാളകള്‍ , കളയെടുക്കും കയ്യുകള്‍
നിലവിളിക്കും വായകള്‍ ,നിലയുറയ്ക്കാ
തൊടുവിലെച്ചിക്കുഴിയിലൊന്നായ്
ച്ചെള്ളരിക്കുമ്പോള്‍നിങ്ങള്‍
വീണ്ടും
ഭരണമായ് പണ്ടാരമായ് പല പുതിയ രീതികള്‍
പുതിയ ഭാഷകള്‍ , പഴയ നീതികള്‍ ,നീതിപാലകര്‍
കഴുമരങ്ങള്‍ ചാട്ടവാറുകള്‍
കല്‍ത്തുറുങ്കുകള്‍ കപടഭാഷണ
ഭക്ഷണം കനിഞ്ഞുതന്നൂ ബഹുമതി
'ഹരിജനങ്ങള്‍ ' ഞങ്ങളാഹാ: അവമതി
യ്ക്കപലബ്ധിപോലെ ദരിദ്രദൈവങ്ങള്‍ !
അടിമ ഞങ്ങള്‍ ,ഹരിയുമല്ല,ദൈവമല്ല,
മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല,
കൊഴിയുമെന്നാല്‍ പൂവുമല്ല,അടിമ ഞങ്ങള്‍ .
നടുവു കൂനിക്കൂനിയെന്നാല്‍ നാലുകാലില്‍ നടത്തമരുത്
രണ്ടു കാലില്‍ നടന്നുപോയാല്‍ ചുട്ടുപൊള്ളിക്കും.
നടുവു നൂര്‍ക്കണമെന്നു ചൊന്നാല്‍ നാവു പൊള്ളിക്കും.
ഇടനെഞ്ചിലിവകള്‍ പേറാനിടംപോരാ
കുനിയാനുമിടം പോരാ പിടയാനായ്
തുടങ്ങുമ്പോള്‍ ചുട്ടുപൊള്ളിക്കുംഅടിമ ഞങ്ങള്‍
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ?
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്.
എല്ലുപൊക്കിയ ഗോപുരങ്ങള്‍കണക്കു ഞങ്ങളുയര്‍ന്നിടും
കല്ലു പാകിയ കോട്ടപോലെയുണര്‍ന്നു ഞങ്ങളു നേരിടും
കുപ്പമാടക്കുഴിയില്‍ നിന്നും സര്‍പ്പവ്യൂഹമൊരുക്കി
നിങ്ങടെ നേര്‍ക്കു പത്തിയെടുത്തിരച്ചുവരും അടിമ ഞങ്ങള്‍
വെന്തമണ്ണിന്‍ വീറില്‍നിന്നു
മുറഞ്ഞെണീറ്റ കുറത്തി ഞാന്‍
കാട്ടുകല്ലിന്‍ കണ്ണുരഞ്ഞു പൊരി
ഞ്ഞുയര്‍ന്ന കുറത്തി ഞാന്‍ .
എന്റെമുലയുണ്ടുള്ളുറച്ചു വരുന്ന മക്കള്‍
അവരെ നിങ്ങളൊടുക്കിയാല്‍
മുലപറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍
മുടിപറിച്ചു നിലത്തടിച്ചീക്കുലമടക്കും ഞാന്‍ .
കരിനാഗക്കളമഴിച്ച്
കുറത്തി നില്‍ക്കുന്നു
കാട്ടുപോത്തിന്‍ വെട്ടുപോലെ
കാട്ടുവെള്ള പ്രതിമ പോലെ
മുളങ്കരുത്തിന്‍ കൂമ്പുപോലെ
കുറത്തി നില്‍ക്കുന്നു. 

Friday, April 27, 2012

വായനക്കാരില്ലാത്ത ഒരു കവി കണ്ട സ്വപ്നം

സ്വന്തം ഭാഷയെ ഉപേക്ഷിച്ചു പോയ
എന്‍റെ ജനതയെ
എന്‍റെ കവിതയുടെ അടിത്തട്ടില്‍ വെച്ചു
കണ്ടു മുട്ടി

നിങ്ങള്‍ക്കിവിടെ എന്തു കാര്യം ??
ഞാനലറി
കൂസാതെ പോയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
അലക്ഷ്യമായി പറഞ്ഞു

“സ്വതന്ത്രരാണ് ഞങ്ങളിപ്പോള്‍
പരിമിതികളറ്റവര്‍
ഞങ്ങളുടെ പാദസ്പര്‍ശമേറ്റ്
നിന്‍റെ കവിത ധന്യമായി ”

അവര്‍ നടന്നു
കവിത നടന്നു
അകന്നു മറയുന്ന ആരവത്തില്‍
ഞാനുണര്‍ന്നു .

Saturday, March 10, 2012

മൂന്നാം മുറി:കുരീപ്പുഴ ശ്രീകുമാര്‍

മൂന്നാം മുറിയില്‍ കസേരയിലിരിക്കുന്നു
കണ്ണട വെച്ചു മുഖം കുനിച്ചിട്ടൊരാള്‍
തൊട്ടടുത്തജ്ഞാത രേഖകള്‍ കോറിയ
പുസ്തകത്തില്‍ കണ്ണുറപ്പിച്ചു മറ്റൊരാള്‍
രക്തം കറുത്ത കൈ മുദ്രകള്‍ ചാര്‍ത്തിയ
ഭിത്തിയില്‍ തൂങ്ങും ചുവന്ന കുപ്പായത്തിന്‍
കൈയില്‍ നിന്നും മെയ്യിലേക്ക് ചിലന്തികള്‍
നെയ്ത വലയില്‍ കിനാവിന്‍റെ പല്ലുകള്‍

പിച്ചളക്കിണ്ടി നിറച്ചു ചാരായവും
പച്ചില ചീന്തില്‍ വറുത്ത മനസ്സുമായ്
കഷ്ട കാലത്തിന്‍റെ കാവല്‍ ഭടന്‍ വന്നു
മുട്ടുന്നു വാതിലില്‍ .
നീണ്ട നഖങ്ങള്‍ വന്നൊറ്റക്കതക്
തുറന്നു വാങ്ങിക്കൊണ്ട്
കൊട്ടിയടച്ചു മൗനത്തെ വിളിക്കുന്നു .
നാക്കിലൊരിത്തിരി ചാരായമിറ്റിച്ചു
വാക്കുകള്‍ കീറിയെടുത്ത രണ്ടാമനില്‍
ഭാഷയും ഭാവവും മര്‍ത്യജന്മത്തിന്‍റെ
ദോഷ ഫലത്തില്‍ പ്രകാശം പുരട്ടുന്നു .
ഏഴക്ഷമുള്ള പദങ്ങള്‍ ഭുജിച്ചു കൊ-
ണ്ടായുസ്സു നീട്ടി എടുത്തയാള്‍ പിന്നെയും
പാപ പ്രബന്ധം പതുക്കെപ്പടിച്ചര്‍ത്ഥ -
മാപിനി നോക്കിപ്പരതുന്നു വാക്കുകള്‍

‘സംഘ വിചാരണ വേണം,കിനാവിന്‍റെ
പക്ഷിയേക്കൊന്നു ഭക്ഷിച്ചു കാട്ടാളനെ
പച്ചയ്ക്ക് തീയിട്ടു കൊള്ളണം ,
കുന്നിന്‍റെയുച്ചി വൃക്ഷത്തില്‍
ശവം കൊളുത്തീടണം ’

കണ്ണട കൈയിലെടുത്തു തുടച്ചുകൊ -
ണ്ടൊന്നാമനൊന്നു ചോദിച്ചു -
കാട്ടാളനെ കണ്ടു പിടിക്കുന്നതെങ്ങനെ?

പുസ്തകത്തിന്‍ പുഴപ്പാടില്‍,അതിന്‍ കൃത്യ-
മുത്തരം തേടി നീന്തീടുന്നു മറ്റെയാള്‍
ഓലയോളങ്ങള്‍ മുറിച്ചു ഗ്രന്ഥത്തിന്റെ
നീലക്കയത്തില്‍ തിരഞ്ഞു മുങ്ങീടവേ
മൂന്നാം മുറിക്കു തീ കത്തി,ശവം തിന്നു -
പോകുവാന്‍ കാട്ടാളനെത്തീ പൊടുന്നനെ.

Wednesday, February 15, 2012

മകള്‍ : സച്ചിതാനന്ദന്‍

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്ത്‌ നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

Wednesday, February 8, 2012

ഇത്തിരിനേരത്തേയ്ക്ക്‌ -പവിത്രന്‍ തീക്കുനി

പുലര്‍ച്ചയ്ക്കുമുമ്പേ
പാഞ്ഞുപോകും വണ്ടിയില്‍
ആള്‍ത്തിരക്കിലൊറ്റയ്ക്കിരിക്കുവോളേ..

പുറത്തേയ്ക്കു കൊഴിഞ്ഞ
നിന്‍റെ മിഴികളോടല്ല
കോതിയൊതുക്കി വകഞ്ഞുവക്കാത്ത
ചെമ്പന്‍ മുടിയിലെ വാടിയ മുല്ലകളോടല്ല
വെള്ളിരോമങ്ങള്‍ നിറഞ്ഞ്‌
മെല്ലിച്ചുണങ്ങിയ കണങ്കാലുകളോടല്ല
തട്ടിയുരഞ്ഞേതുമാത്രയും പൊട്ടിയേക്കാവുന്ന
കുപ്പിവളകളോടല്ല
ഉലഞ്ഞുമുഷിഞ്ഞ ഉടുപ്പുകള്‍ക്കുള്ളില്‍
ഉദയംകാക്കുമുന്മാദങ്ങളോടല്ല,
നിന്നോടുമല്ല..

എന്‍റെ പെങ്ങളേ
കാലങ്ങളായി നിന്‍റെ കരളിലിരുന്ന്‌
നനഞ്ഞു നനഞ്ഞു മരവിച്ചതിനോടാണ്‌
ഇത്തിരിനേരത്തേക്കെങ്കിലും
വന്നിരുന്നൂടെ എന്‍റെ കവിതയില്‍
ഇത്തിരി തീകാഞ്ഞു പൊയ്ക്കൂടേ?

Wednesday, February 1, 2012

ഏലസ്സ് : എ.അയ്യപ്പന്‍

ചുവന്ന കണ്ണുകളുള്ള
മന്ത്രവാദിനി
ഒരേലസ്സു ജപിച്ചു തന്നു .
ഇതരയില്‍ കെട്ടുക
ഭയരഹിതമായ ജീവിതത്തിന്
ഇതുപകരിക്കും
വിറയ്ക്കുന്ന കൈകളോടെ
ഏലസ്സ് വാങ്ങി
കറുത്ത ചരടില്‍ കോര്‍ത്ത്‌
അരയില്‍
അരഞ്ഞാണമാക്കി
അന്നുറങ്ങിയില്ല
അരക്കെട്ട് പൊള്ളി
അന്ധകാരത്തിലൂടെയോടി
ആഴിയില്‍ മുങ്ങി

അഗ്നിയെ അണയ്ക്കുവാനാകാതെ
എരിഞ്ഞു കൊണ്ടോടി
കറുത്ത മയില്‍ നൃത്തമാടി
പാറ പിളരുന്ന പൊട്ടിച്ചിരി കേട്ടു
ഭസ്മത്താല്‍ മുങ്ങിയവന്റെ
നഗ്ന താണ്ഡവം കണ്ടു
സംഭാരത്തിന്റെ മണ്‍പാത്രം
മുന്നില്‍ വീണു പൊട്ടിയപ്പോള്‍
നിശ്ച്ച്ചലതയുടെ ഒരു പുറ്റിലേക്ക്
ഉരഗത്തെ പോലെ ജൈവമിഴഞ്ഞു
ശരീരത്തിന്റെ രത്യയിലൂടെ
പല്‍ച്ചക്രങ്ങളുടെ രഥം പാഞ്ഞു പോകെ
ദുര്‍ദേവതകളുടെ ചരട് പൊട്ടി
ധവളധാരിയായ
പ്രഭാതമെത്തി .