Wednesday, February 15, 2012

മകള്‍ : സച്ചിതാനന്ദന്‍

എന്‍റെ മുപ്പതുകാരിയായ മകളെ
ഞാന്‍ പിന്നെയും കാണുന്നു
ആറുമാസക്കാരിയായി.

ഞാനവളെ കുളിപ്പിക്കുന്നു
മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും
മുഴുവന്‍ കഴുകിക്കളയുന്നു.
അപ്പോള്‍ അവള്‍ അമിച്ചായിയുടെ
ഒരു കൊച്ചു കവിത പോലെ
സ്വര്‍ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്നു
കുഞ്ഞിത്തോര്‍ത്തു കാലത്തില്‍ നനയുന്നു

ജനലഴികളെ പിയാനോക്കട്ടകളാക്കി
ബിഥോവന്‍ മര്‍ത്യന്‍റെതല്ലാത്ത
കൈകളുയര്‍ത്തി നില്‍ക്കുന്നു
മകള്‍ ഒരു സിംഫണിയ്ക്കകത്ത്‌ നിന്നു
പുറത്തു വന്ന് എന്നെ ആശ്ലേഷിക്കാന്‍
പനിനീര്‍ക്കൈകള്‍ നീട്ടുന്നു

വെളിയില്‍ മഴയുടെ ബിഹാഗ്
കിശോരി അമോന്‍കര്‍

Wednesday, February 8, 2012

ഇത്തിരിനേരത്തേയ്ക്ക്‌ -പവിത്രന്‍ തീക്കുനി

പുലര്‍ച്ചയ്ക്കുമുമ്പേ
പാഞ്ഞുപോകും വണ്ടിയില്‍
ആള്‍ത്തിരക്കിലൊറ്റയ്ക്കിരിക്കുവോളേ..

പുറത്തേയ്ക്കു കൊഴിഞ്ഞ
നിന്‍റെ മിഴികളോടല്ല
കോതിയൊതുക്കി വകഞ്ഞുവക്കാത്ത
ചെമ്പന്‍ മുടിയിലെ വാടിയ മുല്ലകളോടല്ല
വെള്ളിരോമങ്ങള്‍ നിറഞ്ഞ്‌
മെല്ലിച്ചുണങ്ങിയ കണങ്കാലുകളോടല്ല
തട്ടിയുരഞ്ഞേതുമാത്രയും പൊട്ടിയേക്കാവുന്ന
കുപ്പിവളകളോടല്ല
ഉലഞ്ഞുമുഷിഞ്ഞ ഉടുപ്പുകള്‍ക്കുള്ളില്‍
ഉദയംകാക്കുമുന്മാദങ്ങളോടല്ല,
നിന്നോടുമല്ല..

എന്‍റെ പെങ്ങളേ
കാലങ്ങളായി നിന്‍റെ കരളിലിരുന്ന്‌
നനഞ്ഞു നനഞ്ഞു മരവിച്ചതിനോടാണ്‌
ഇത്തിരിനേരത്തേക്കെങ്കിലും
വന്നിരുന്നൂടെ എന്‍റെ കവിതയില്‍
ഇത്തിരി തീകാഞ്ഞു പൊയ്ക്കൂടേ?

Wednesday, February 1, 2012

ഏലസ്സ് : എ.അയ്യപ്പന്‍

ചുവന്ന കണ്ണുകളുള്ള
മന്ത്രവാദിനി
ഒരേലസ്സു ജപിച്ചു തന്നു .
ഇതരയില്‍ കെട്ടുക
ഭയരഹിതമായ ജീവിതത്തിന്
ഇതുപകരിക്കും
വിറയ്ക്കുന്ന കൈകളോടെ
ഏലസ്സ് വാങ്ങി
കറുത്ത ചരടില്‍ കോര്‍ത്ത്‌
അരയില്‍
അരഞ്ഞാണമാക്കി
അന്നുറങ്ങിയില്ല
അരക്കെട്ട് പൊള്ളി
അന്ധകാരത്തിലൂടെയോടി
ആഴിയില്‍ മുങ്ങി

അഗ്നിയെ അണയ്ക്കുവാനാകാതെ
എരിഞ്ഞു കൊണ്ടോടി
കറുത്ത മയില്‍ നൃത്തമാടി
പാറ പിളരുന്ന പൊട്ടിച്ചിരി കേട്ടു
ഭസ്മത്താല്‍ മുങ്ങിയവന്റെ
നഗ്ന താണ്ഡവം കണ്ടു
സംഭാരത്തിന്റെ മണ്‍പാത്രം
മുന്നില്‍ വീണു പൊട്ടിയപ്പോള്‍
നിശ്ച്ച്ചലതയുടെ ഒരു പുറ്റിലേക്ക്
ഉരഗത്തെ പോലെ ജൈവമിഴഞ്ഞു
ശരീരത്തിന്റെ രത്യയിലൂടെ
പല്‍ച്ചക്രങ്ങളുടെ രഥം പാഞ്ഞു പോകെ
ദുര്‍ദേവതകളുടെ ചരട് പൊട്ടി
ധവളധാരിയായ
പ്രഭാതമെത്തി .