Sunday, June 23, 2013

"അത്രയും"- റഫീക്ക് അഹമ്മദ്

നിന്നോളം നീറിയിട്ടില്ലൊരു വേദന
നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിധ്യമായുസ്ഥലികളെ...

നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..

നിന്നോളമത്ര പരിചിതമല്ലെനി
ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..

നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
പൌര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..

നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
മിന്നോളമെത്തിയിട്ടില്ലൊരു വേനലും..

"സമർപ്പണം" - വിജയലക്ഷ്മി

നിന്നെക്കുറിച്ചെഴുതാനോ? നിലാവിൻറെ
പൊന്മഷി വേണമെനിക്കീ പ്രപഞ്ചവും;
മിന്നൽ,ഇടിമുഴക്കങ്ങൾ,മഴ,വെയിൽ
നിന്നെക്കുറിച്ചെൻ വികാരമാണൊക്കെയും
ആകാശ നീലമൊ നിൻറെ സിംഹാസനം,
ആഴിയിൽ നിൻറെ നാമോച്ചാരണ സ്വനം .
ഞാനടി വെയ്ക്കുമീ മണ്ണിലോരോ തരി-
ച്ചോടിലും നിൻറെ സ്നേഹാക്ഷരാലിംഗനം
അസ്തമയത്തിൽ നിന്നാത്മാഗ്നി, പാതിരാ-
നക്ഷത്ര മണ്ഡലം നിൻ ശുഭസ്പന്ദനം
വായുവിൽ നിൻറെ സന്ദേശം,ജലത്തിലോ
ജീവനേകുന്ന സ്വച്ഛന്ദരാഗാമൃതം
ഓമനേ,നിന്മുന്നിലെന്നെ വെച്ചിങ്ങനെ
മാറിനിൽക്കുന്നു ഞാൻ,
സ്വീകരിക്കില്ലയോ??

Monday, June 10, 2013

"ഒറ്റയ്ക്ക് "– സുഗതകുമാരി

ഒറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ
കുറ്റിരുട്ടിൽ, കൊടുങ്കാട്ടി,ലെന്റേതാകു-
മൊറ്റമരത്തിൻ ചുവട്ടിൽ, പുറകിലൂ-
ടെത്തുന്ന പാമ്പിനെ,ക്കാട്ടാളനെ,ബ്ഭയം
ചെറ്റുമില്ലാതെ,യുറക്കെക്കരയാതെ-
യൊറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കിതിലേ നടക്കാൻ പഠിച്ചു ഞാൻ,
ശക്തമാം നിൻവലം കയ്യിൽ പിടിക്കാതെ,
ദുർഘടമീ വഴിത്താരയിലൂടവേ,
ലക്ഷ്യമില്ലാതെ, കുനിഞ്ഞ ശിരസ്സുമായ്,
ഒറ്റയ്ക്കു പോകാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ
ഒപ്പം ചിരിച്ചു കൊണ്ടേറ്റു പാടാൻ കൂട്ടി-
നാരുമില്ലാതെയാർക്കും വേണ്ടിയല്ലാതെ-
യേതോ ബധിരത തൻ മുന്നിലേകമാം
ശബ്ദമായ് നിന്നു, വിറയ്ക്കാത്ത കണ്ഠമാർ-
ന്നൊറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ,
സ്വപ്നങ്ങളില്ലാതെ, കണ്ണുനീരില്ലാതെ-
യർദ്ധരാത്രിക്കു നടുങ്ങിയുണർന്നു നിൻ
ഹസ്തമുപധാനമാക്കാതെ, തോഴനാ-
മൊറ്റയുറക്കഗുളികതൻ ചുംബന
മുദ്രയെൻ ചുട്ട നെറുകയിലേറ്റു കൊ-
ണ്ടൊറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ,
ചുറ്റിലും രോദനമില്ലാതെ, നിൻ മടി-
ത്തട്ടിലല്ലാതെ, നിൻ പൊന്നു കയ്യാലെയൊ-
രിറ്റു ജലം നുകരാതെ, നിൻ കണ്ണിലെൻ
ദൃഷ്ടി ചേർക്കാതെ, ഹാ! യാത്ര ചോദിക്കാതെ,
ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ.