Monday, May 19, 2014

"പ്രണയ ബുദ്ധന്‍" - സച്ചിദാനന്ദന്‍

'ഭൂമിയിലെയ്ക്കുംവെച്ചു മധുരമേറിയ ചുംബനമേതാണ് ?'
ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു

ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നിറുകയില്‍
അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന
തൂവല്‍പോലുള്ള ചുംബനമാണോ ?

സ്വര്‍ണമുരുകുന്ന
സൂര്യകാന്തിപ്പൂവി ന്ന പ്പുറവുമിപ്പുറവും നിന്ന്
കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന
ആദ്യ ചുംബനമാണോ ?

ഭര്‍തൃജഡത്തിന്റെ മരിച്ച ചുണ്ടില്‍
വിധവ അര്‍പ്പിക്കുന്ന
വിരഹ സ്നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ ?

ഗുരുവിന്റെ നവസ്നാത പാദത്തില്‍
യുവ സംന്യാസി അര്‍പ്പിക്കുന്ന
വിശുദ്ധമായ വിരക്ത ചുംബനമാണോ ?

അതോ,കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിന്നും
വെയില്‍ വനത്തിനും നിലാവു നദിക്കും മഴ മലയ്ക്കും
നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ ?

ഇപ്പോള്‍ ഞാനതിനുത്തരം പറയാം ;
ദേവികുളത്തിനു മുകളില്‍ മൂടല്‍മഞ്ഞിന്നൊരു വീടുണ്ട്
അപ്പുറത്തു മലഞ്ചെരുവുകളില്‍
കത്തി യൊലിക്കുന്നമരതകം
ഇപ്പുറത്തു ഭൂമിയോളം പഴക്കമേറിയ പാറകളുടെ
ആദിമ ഗാംഭീര്യം .

പാറക്കെട്ടുകള്‍ക്കിടയില്‍ മരണംപോലെ
ഇരുട്ടും നിഗൂഢതയും നിറഞ്ഞ ഒരു ഗുഹ
അതില്‍വെച്ച് പേരറിയാത്ത മുപ്പത്തിയേഴുതരം
കാട്ടുപൂക്കലുടെ സമ്മിശ്രഗന്ധം സാക്ഷി നിര്‍ത്തി
ഞാന്‍ നിന്നെ ചുംബന
അതില്‍ ആദ്യ ചുംബനമുണ്ടായിരുന്നു ,
അന്ത്യ ചുംബനവും
നീ കുഞ്ഞും കാമുകിയും വിധവയുമായിരുന്നു

ഞാന്‍ കാറ്റും ഇലയും വെയിലും നിലാവും മഴയുമായി ,
കാലം മുഴുവന്‍ ഒരൊറ്റ നിമിഷത്തിലേക്കു ചുരുങ്ങി
ഇരുളില്‍ നമ്മുടെ ചുംബനം
ഇടിമിന്നല്‍പോലെ തിളങ്ങി ,
ആ ഗുഹ ബോധിയായി,
എനിക്കു പ്രണയത്തിന്റെ വെളിപാടുണ്ടായി,
ഇപ്പോള്‍ ഞാന്‍ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു,
അവസാന മനുഷ്യ ജോടിക്കും
പ്രണയനിര്‍വാണം ലഭിച്ചുകഴിഞ്ഞേ
ഞാന്‍ പരമപദം പ്രാപിക്കുകയുള്ളൂ .

'അന്ത്യമൊഴി' - സച്ചിദാനന്ദന്‍

ഞാന്‍ അശോകന്‍ ,

ശവക്കൂനകളുടെ
ശോകസമ്പന്നനായ കാവല്‍ക്കാരന്‍
സോദരശിരസ്സുകളില്‍ ചവിട്ടി
രക്തനദി താണ്ടുന്ന ദുര്യോധനന്‍
രുധിരകലശം കിരീടമാക്കിയ
പാഴ്മാംസം.
എന്‍റെ പശ്ചാത്താപം
മരുഭൂവില്‍ ചുറ്റിത്തിരിയുന്ന
ഷണ്ഡനായ കാളക്കൂറ്റന്‍
എന്‍റെ മാനസാന്തരം
ചോരയില്‍ മുങ്ങിയ വാളിന്നുമീതേ
ചുറ്റിയ കാവിവസ്ത്രം.
ധര്‍മ്മം പ്രവചിക്കുന്ന ഈ സ്തൂപങ്ങള്‍ക്ക്
എന്‍റെ പാപം ഒളിപ്പിക്കാനാവില്ല.
അവയും എന്‍റെ കീര്‍ത്തിസ്തംഭങ്ങളാവും ,
എന്‍റെ തിന്മയുടെ വിജ്രുംഭണങ്ങള്‍.
എന്‍റെ ചക്രത്തിന്‍റെ ഓരോ ആരക്കാലും
ഞാനൊടുക്കിയ ഓരോ വംശത്തിന്‍റെ
നട്ടെല്ല് ,
എന്‍റെ സിംഹങ്ങളുടെ ഓരോ സടാരോമവും
ഞാന്‍ ചുട്ട നഗരങ്ങളുടെ ഓരോ ചിതാജ്ജ്വാല .
ഞാന്‍ രണ്ടു യുദ്ധവും തോറ്റു
എനിക്കു വധശിക്ഷ നല്‍കുക
അന്ത്യാഭിലാഷം ഇത്രമാത്രം ;
ഞാനാകട്ടെ ഭൂമിയിലെ
അവസാനത്തെ രാജാവ്.