Saturday, June 25, 2011

ഒഴിവുദിവസം.......ബാലചന്ദ്രന്‍ ചുള്ളിക്കാട്

പകലിന്നക്കരെ മകരസന്ധ്യ തന്‍
രുധിരജാലകമടഞ്ഞിരിക്കുന്നു.
സ്മൃതിജലം നിറച്ചൊരു ഹൃദയത്തിന്‍
സ്ഫടികഭാജനമൊഴിഞ്ഞിരിക്കുന്നു.
ഘടികാരത്തില്‍ ഞാന്‍ മറന്ന കാലത്തിന്‍
ചിറകടി പോലും നിലച്ചിരിക്കുന്നു.

മനസ്സിലുള്ളതീ മരണവീടിന്റെ
മഹാമൗനം മാത്രം.
ശിരസ്സിലുള്ളതീയപസ്മാരത്തിന്‍ മുള്‍ -
ക്കിരീടവും മാത്രം.
ഒരു വെള്ളത്താളും,
വരണ്ട പേനയും,
മരവിപ്പും മാത്രം.

അതിഥികളാരും വരുവാനില്ലിനി.
വിഫല സൗഹൃദം പകരാനില്ലിനി.
മിഴികളില്‍ മഞ്ഞിന്‍ യവനിക വീണു,
ഇരുളിനുള്ളിലെന്‍ നിഴല്‍പ്പാടു മാഞ്ഞു,
ഒരു വരിപോലും കുറിച്ചുവെയ്കാതെ
എനിക്കുമാത്രം ഞാന്‍ മരിച്ചിരിക്കുന്നു.

Wednesday, June 22, 2011

അനാഥം.....ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്



എത്ര ശ്രമിച്ചിട്ടും പിന്തുടരാന്‍ കഴിയാത്ത
എന്റെ ആത്മാവ്
നീ പോയടച്ച വാതിലില്‍ ഇറുങ്ങിപ്പിടയുന്നു
നല്‍കുവാന്‍ കഴിയാത്ത ഉമ്മകള്‍
ചവറ്റുകൊട്ടയില്‍ കണ്ണീരൊപ്പുന്നു
പറയാന്‍ കഴിയാത്ത വാക്കുകള്‍
റെയില്‍പ്പാളത്തില്‍ ഉപേക്ഷിക്കപ്പെടുന്നു
ഈ രാത്രിയും
നിറനിലാവും
മറ്റാരുടെയുമാണ്‌
എന്നിലേയ്ക് തന്നെ തിരിച്ചു വരുന്ന
ചൂടുള്ള ഉ ച്ഹ്ച്വാസങ്ങള്‍
കനല്‍ക്കട്ടയായി എന്റെ ശിരസ്സിനെ തിന്നുന്നു
ബധിരന്മാരുടെ രാജ്യത്തെ
കാല്‍പനിക ഗാനം പോലെ
അത് അനാഥമായി ചുറ്റിത്തിരിയുന്നു.

Tuesday, June 21, 2011

സന്ദര്‍ശനം....ബാലചന്ദ്രന്‍ ചുള്ളിക്കാട്...


അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍.

ജനലിനപ്പുറം ജീവിതം പോലെയി-
പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍
കിളികളൊക്കെപ്പറന്നു പോവുന്നതും,
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?

മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍,
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം.

സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും,
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ -
ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍.

മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍.
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍.
ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍.

അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക.
സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍.