Tuesday, November 22, 2011

കങ്കാരു.:കുരീപ്പുഴ ശ്രീകുമാര്‍

കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍
ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു
ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും
വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.

ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ,നട്ടുച്ചയും
നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍
മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍

തുഴയൊടിഞ്ഞോടുവില്‍ച്ചുഴിക്കുള്ളിലാവുന്ന
ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -
രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍.
നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു
നില വിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -
യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-
ദിന രേഖയേറിക്കടക്കുന്നു രാവുകള്‍.

മരണഗിരി ചുറ്റിക്കിതയ്കും നിലാവുകള്‍
പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍.
ഉടയും കിനാവുമായുത്രാട രാത്രികള്‍
ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ .
നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -
ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.

കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും
കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .

ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്‌
ജനുവരി സന്ധ്യയോ സാഗര കന്യയോ ?
നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്
നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?
കടല്‍ കാര്‍ന്നു തിന്നും തുരുത്ത് കാണുന്നുണ്ട്
തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?

വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്
ഭടനൊരാളായുധത്തേപ്പുണര്‍ന്നീടുന്നു.
ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍
ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .
വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍
പ്രണയം കുടിച്ചു നൂല്‍തുമ്പില്‍ കിടക്കുന്നു .
വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ

തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .

മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ
മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും
ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും
പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും
മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും
കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും
മണലുമാകാശവും ചേരുന്നിടത്ത്‌ പോയ്‌
മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും
അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍
പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും

അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍
തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നോരമ്മയെന്‍
ചെവിയില്‍ മന്ത്രിച്ചു -
‘നിനക്കിറങ്ങാനുള്ള സമയമായ് ’

കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍ .

Friday, November 11, 2011

പോയ കാലം:എ.അയ്യപ്പന്‍

കാലമെത്രയായ്
ശാന്തമായൊഴുകുന്ന
പുഴ കണ്ടിട്ട്,
ശവം പോലെയുറങ്ങുന്ന
തടാകം കണ്ടിട്ട്,

കൂട് വിട്ട്,
കൂട്ട് വിട്ട്,
ഒറ്റയ്ക്ക് വൃക്ഷത്തില്‍
പക്ഷിയെക്കണ്ടിട്ട്,
കുഞ്ഞാടുകള്‍ മേയുന്ന
കുന്നുകള്‍ കണ്ടിട്ട്,
തെച്ചി മാത്രം പൂത്തു നിന്ന
മുറ്റം കണ്ടിട്ട്,
ഞാന്‍ വിതച്ച വിത്തിന്റെ
പൂവ് കണ്ടിട്ട്,
കാത്തിരിക്കും പെണ്ണിന്‍റെ
കണ്ണു കണ്ടിട്ട്,

കാലമെത്രയായ്,
തെറിച്ചു പോയ ചിലമ്പിന്റെ
തേങ്ങല്‍ കേട്ടിട്ട്,
ശംഖെനിക്കു തന്ന
പൊരുളു കേട്ടിട്ട്,

കാലമെത്രയായ്,
കാലമെത്രയായ്
അശ്വത്ഥം തന്നിരുന്ന
തണല്‍ കൊണ്ടിട്ട്,
കടെലെനിക്ക് തന്നിരുന്ന
കാറ്റു കൊണ്ടിട്ട്,
പ്രേമത്താല്‍ പെണ്ണിന്‍റെ
നഖം കൊണ്ടിട്ട്,

കാലമെത്രയായ്,
കാലത്തിന്‍ മുറിവിന്റെ
നോവറിഞ്ഞിട്ട് ,
രതിയാല്‍ നിമഗ്നമാകും
സുഖമറിഞ്ഞിട്ട്,

കാലമെത്രയായ്
അന്ധനായ്‌,
ബധിരനായ്,

കാലമെത്രയായ്..........

Thursday, November 10, 2011

ഉള്ളടക്കം:സെബാസ്റ്റ്യന്‍

എത്ര ഇഷ്ടപ്പെടാം
ഒരാള്‍ക്ക് ഒരാളെ????

ഉള്ളിന്‍റെ അറയില്‍
മറ്റയാളെ
മുഴുവനോടെ അടച്ച്
താക്കോല്‍ മറ്റേതോ
ഭൂമിയിലേക്ക്‌ കളഞ്ഞ്,,,,

എല്ലാ അറകളെയും അടയ്ക്കാവുന്ന
ഒരു വലിയ അറയാകാം
ഒരാളുടെ ഉള്ള്.
അയാളും
അത്രത്തോളും വലുതായ്
അതിനുള്ളില്‍..

അന്ന് വലിച്ചെറിഞ്ഞ താക്കോല്‍
കണ്ടു പിടിക്കല്ലേ കാലമേ
അടഞ്ഞ പടി ഈ ഉള്ള്
അങ്ങനെ.....

Wednesday, November 9, 2011

പോയ്ക്കഴിഞ്ഞാല്‍:സച്ചിതാനന്ദന്‍

1

പോയ്ക്കഴിഞ്ഞാല്‍
ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും

നിങ്ങള്‍ അത്താഴത്തിന്നിരിക്കുമ്പോള്‍
എന്നേ കാണും,കിണ്ണത്തിന്‍ വക്കിലെ ഉപ്പു തരിയായി
നോട്ടു പുസ്തകം തുറക്കുമ്പോള്‍ കാണും
ഉണങ്ങിയിട്ടും മണം വിടാത്ത കൈതപ്പൂവായി .

വെറ്റിലയില്‍ ഞാന്‍ ഞരമ്പാകും
കുന്നിമണിയുടെ കറുപ്പാകും
ചെമ്പരത്തിയുടെ കേസരമാകും
പനിക്കൂര്‍ക്കയുടെ ചവര്‍പ്പാകും
കാന്താരിയുടെ എരിവാകും
കാക്കയുടെ കറുപ്പാകും
കലമാനിന്റെ കുതിപ്പാകും
പുഴയുടെ വളവാകും
കടലിന്‍റെ ആഴമാകും ഞാന്‍ .

സൂര്യനാവില്ല ഞാന്‍
ചന്ദ്രനോ ചക്രവാളമോ ആവില്ല
താമരയും മയില്‍പ്പീലിയുമാവില്ല

അക്ഷരമാവും ഞാന്‍
ഓരോ തലമുറയുടേയും കൂടെ
വീണ്ടും ജനിക്കുന്ന അക്ഷരം

രക്തമാവും ഞാന്‍
കൊല്ലപ്പെട്ട നീതിമാന്‍റെ
മരിച്ചാലും കട്ടിയാകാത്ത രക്തം .

മഴയാവും ഞാന്‍
എല്ലാം വിശുദ്ധമാക്കുന്ന
അവസാനത്തെ മഴ

2

പോയ്ക്കഴിഞ്ഞാല്‍ ഞാന്‍
ഒരിക്കല്‍ തിരിച്ചു വരും
വന്നു വാതിലില്‍ മുട്ടും
ഏഴുവരിക്കവിതയില്‍
ഒരു വരി ചേര്‍ത്ത് മുഴുമിപ്പിക്കുവാന്‍
മുറ്റത്തെ കാശിത്തുമ്പയില്‍
ഒടുവില്‍ വിരിഞ്ഞ പൂവിനു ഏതു നിറമെന്നറിയാന്‍
അധികാരം കൊന്ന തരുണന്റെ ജഡം
മറവിയുടെ ഏതാഴത്തിലെന്നറിയാന്‍
തടവറയിലേക്കയച്ചു മടങ്ങി വന്ന കത്ത്
ശരിയായ വിലാസത്തില്‍ വീണ്ടുമയയ്ക്കാന്‍
പാതി വായിച്ച നോവലിലെ നായകന്‍ ഒടുവില്‍
തട്ടിക്കൊണ്ടു പോകപ്പെട്ട അച്ഛനമ്മമാരേ
കണ്ടെത്തിയോ എന്നറിയാന്‍

തിരിച്ചു വരും
നാട്ടു വര്‍ത്തമാനങ്ങളിലേക്കും
ഉത്സവ മേളങ്ങളിലേക്കും
പഴയ കിളിക്കൊഞ്ചലുകളിലേക്കും

ആര്‍ക്കറിയാം
ജീവിതത്തിലേക്കു തന്നെ.....

Tuesday, November 8, 2011

ഭാരം:ശിഹാബുദ്ദീന്‍ പൊയ്തുംകടവ്.


നിനക്ക് വേണ്ടി
ഒഴിച്ചിട്ട പേജുകള്‍
എന്നെങ്കിലും
സമുദ്രത്തില്‍
ദ്വീപായി ഉയരുമോ?

അനാഥമായ
എത്രയോ രാവുകള്‍
നമ്മളെക്കൂടാതെ കടന്നു പോയി.

അപരിചിതമായ
എത്രയോ പകലുകള്‍
സായാഹ്നപ്പറവകളുടെ
നിഴല്‍ വീഴ്ത്തി.

അലസമായി
എന്നെ നോക്കുന്നത് പോലുംസഹിയാതെ
എന്റെ ഹൃദയം
ചില നിമിഷങ്ങളോടെങ്കിലും
യാചിക്കുന്നു.

അനന്തമായ ഇരുള്‍ ഗര്‍ത്തം കൊണ്ട് പണിത
ആ ചവറ്റു കൊട്ടയോടു പറയു,
എന്നെ
മറവിയുടെ
ഒടുങ്ങാത്ത കാലങ്ങളിലെയ്കു
ആഞ്ഞു പുണരാന്‍.

ഞാന്‍ കാത്ത് നില്‍ക്കുന്നത്
മറ്റൊരാള്‍ക്കും
ഭൂമിയില്‍
ഇത്ര ഭാരം ചുമക്കാന്‍ കഴിയാത്തതിനാല്‍.

Monday, November 7, 2011

ഗൗരി : ബാലചന്ദ്രന്‍ ചുള്ളിക്കാട്

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും

Thursday, November 3, 2011

പുതിയ നിയമം : അഡോണിസ്‌

അവന്‍ ഈ ഭാഷ സംസാരിക്കുന്നില്ല.
ചപ്പുചവറുകളുടെ ഭാഷ അവനറിയില്ല.
കല്ലിന്‍റെ ഉറക്കത്തില്‍ അവന്‍
താരാട്ട്‌ പാടും.
അകലങ്ങളിലെ ഭാഷകളുടെ
ഭാരം പേറും.
ഇവിടെ അവന്‍
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്‌
പുതിയ വാക്കുകളുടെ അന്തരീക്ഷത്തിലേക്ക്‌
വളരുന്നു,
തന്‍റെ കവിത ദുഃഖഭരിതനായ
കാറ്റിന്‌ നല്‍കുന്നു.

തേച്ചുമിനുക്കാത്തത്‌
തിളങ്ങാന്‍ വെമ്പുന്ന ഓട്ടുപാത്രം.
അവന്‍റെ ഭാഷ പായ്‌മരങ്ങള്‍ക്കിടയില്‍
ശോഭിക്കുന്നു.

അവന്‍ വിചിത്ര വാക്കുകളുടെ
യോദ്ധാവ്‌.

Wednesday, November 2, 2011

എനിക്കു വേണം നിശ്ശബ്ദത:നെരൂദ



ഒറ്റയ്ക്കാവട്ടെ ഞാനിനി,
ഞാനില്ലാതെ പരിചയിക്ക നിങ്ങളും.

കണ്ണടയ്ക്കാൻ പോകുന്നു ഞാൻ.

അഞ്ചു കാര്യമേ എനിക്കു വേണ്ടൂ,
അഞ്ചു വേരുകൾ,
മനസ്സിന്നു പിടിച്ചവ.

അതിരറ്റ പ്രണയമാണൊന്ന്.

ശരൽക്കാലം കാണുക രണ്ട്‌.
ഇലകൾ പാറിവീഴുന്നതു കാണാതെ
ജീവിക്കുക സാദ്ധ്യമല്ലെനിക്ക്‌.

ഭവ്യഹേമന്തം മൂന്നാമത്‌,
ഞാൻ സ്നേഹിച്ച മഴയും
തണുപ്പിന്റെ പാരുഷ്യത്തിൽ
അഗ്നിയുടെ ലാളനയും.

നാലാമത്തേതു വേനൽ,
തണ്ണിമത്തൻ പോലെ മുഴുത്തത്‌.

പിന്നെ നിന്റെ കണ്ണുകൾ,
മാറ്റിൽഡെ, എന്റെ പ്രിയേ,
എനിക്കുറങ്ങാൻ വേണം നിന്റെ കണ്ണുകൾ,
എനിക്കു പ്രാണനോടുവാൻ
നീ നോക്കിയിരിക്കണം,
എന്റെ മേൽ നിന്റെ നോട്ടമുണ്ടെങ്കിൽ
വസന്തം വേണ്ടെന്നു വയ്ക്കും ഞാൻ.

ഇത്രയും പോരും, ചങ്ങാതിമാരേ,
ഇത്രയ്ക്കേയുള്ളുവെന്നാലും
അത്രയ്ക്കുമുണ്ടത്‌.

നിങ്ങൾക്കു പോകാമിനി,
നിങ്ങൾക്കിഷ്ടമതാണെങ്കിൽ.

നിങ്ങളെന്നെ മറക്കണം,
മിനക്കെട്ടു മറക്കണം,
സ്ലേറ്റിൽ നിന്നേ മായ്ക്കണം:
അത്രത്തോളം ജീവിച്ചു ഞാൻ.
പിടി വിട്ട പോക്കാണെന്റെ ഹൃദയം.

ചോദിച്ചു നിശ്ശബ്ദതയെന്നാലും
മരിക്കാൻ പോകുന്നു ഞാനെന്നു
കരുതേണ്ടതില്ലാരും,
മറിച്ചാണു കാര്യങ്ങൾ പക്ഷേ.
ജീവിക്കാൻ ഭാവിക്കുകയാണു ഞാൻ.

ജീവിക്കാൻ, ജീവിച്ചുപോകാൻ-
അതാണിന്നെനിക്കു ഭാവം.

ധാന്യങ്ങളെന്റെയുള്ളിൽ
മുളയെടുക്കുകയാണല്ലോ,
കൂമ്പുകൾ വെട്ടം കാണാൻ
നിലം ഭേദിക്കുകയാണല്ലോ;
അമ്മയായ മണ്ണു പക്ഷേ,
ഇരുണ്ടുകിടക്കുകയാണിന്ന്,
ആകെയിരുണ്ടാണെന്റെയുള്ളും.
എന്റെ കിണറ്റിൽ താരങ്ങളെത്തള്ളി
രാത്രി പോകുന്നു ഒറ്റയ്ക്കു പാടത്ത്‌.

ഇത്രയും ജീവിച്ചതല്ലേ ഞാൻ,
അത്രയും ജീവിതം ബാക്കിയുണ്ട്‌.

ഇത്രയും തൊണ്ട തെളിഞ്ഞു
പാടിയിട്ടില്ല ഞാനിതേവരെ,
ഇത്രയും ചുംബനങ്ങൾ
വാരിക്കൂട്ടിയില്ല ഞാനിതേവരെ.

നേരം പതിവു പോൽ പുലരി,
തേനീച്ചകളൊത്തു പറക്കുന്നു വെളിച്ചം.

ഈ പകലിനോടൊപ്പം
ഒറ്റയ്ക്കാകട്ടെ ഞാനിനി,
ഇനിയുമൊരു പിറവിയ്ക്കായി-
ട്ടനുവാദം തരികയിനി.