കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍
ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു
ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും
വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.
ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ,നട്ടുച്ചയും
നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍
മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍
തുഴയൊടിഞ്ഞോടുവില്‍ച്ചുഴിക്കുള്ളിലാവുന്ന
ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -
രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍.
നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു
നില വിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -
യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-
ദിന രേഖയേറിക്കടക്കുന്നു രാവുകള്‍.
മരണഗിരി ചുറ്റിക്കിതയ്കും നിലാവുകള്‍
പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍.
ഉടയും കിനാവുമായുത്രാട രാത്രികള്‍
ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ .
നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -
ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.
കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും
കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .
ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്
ജനുവരി സന്ധ്യയോ സാഗര കന്യയോ ?
നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്
നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?
കടല്‍ കാര്‍ന്നു തിന്നും തുരുത്ത് കാണുന്നുണ്ട്
തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?
വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്
ഭടനൊരാളായുധത്തേപ്പുണര്‍ന്നീടുന്നു.
ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍
ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .
വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍
പ്രണയം കുടിച്ചു നൂല്‍തുമ്പില്‍ കിടക്കുന്നു .
വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ
തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .
മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ
മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും
ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും
പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും
മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും
കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും
മണലുമാകാശവും ചേരുന്നിടത്ത് പോയ്
മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും
അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍
പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും
അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍
തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നോരമ്മയെന്‍
ചെവിയില്‍ മന്ത്രിച്ചു -
‘നിനക്കിറങ്ങാനുള്ള സമയമായ് ’
കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍ .
nannaitundu.........
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it plz follow and support me!
വഴി തെറ്റി വന്നു വായിച്ചതാണ്........
ReplyDeleteനന്നായിട്ടുണ്ട്..
തുടര്‍ന്നും വായിക്കാം...
ചങ്ങാതീ,
ReplyDeleteവഴി തെറ്റി വന്ന ഞാന്‍ താങ്കളുടെ ആദ്യ പോസ്റ്റ് വായിച്ചു അഭിപ്രായം കുറിച്ചു.
പഴയ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ കവിതകള്‍ ആരുടെതാനെന്നു സംശയം ഉണ്ടാകുന്നു.
ക്ഷമ പറഞ്ഞു കൊണ്ട് ചോദിച്ചോട്ടെ,ഈ കവിതകള്‍ താങ്കളുടേത് തന്നെയാണോ?
കവിതാ വായന വളരെ കുറവുള്ള ഒരാളാണ് ഞാന്‍....ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.
മറുപടി തരാമോ?
വായനയ്ക്ക് നന്ദി സുഹൃത്തേ,കവിതയുടെ പേരിനൊപ്പം തന്നെ ചേര്‍ത്തിരിക്കുന്നതാണ് അതെഴുതിയ കവിയുടെ പേര്.."കങ്കാരു" എന്ന ഈ കവിത ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയതാണ്.
ReplyDelete