Thursday, May 31, 2012

വല്ലപ്പോഴും : സച്ചിതാനന്ദന്‍

വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ് 
ആത്മഹത്യക്ക് തൊട്ടു മുന്‍പ് പോലും 
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു 
കോള് കൊണ്ട കടലില്‍ 
മുക്കുവര്‍ തോണിയിറക്കുന്നു 
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട് 
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു 
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു 
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു 
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു 
നെറ്റിപ്പട്ടം കെട്ടിയ ആനകളെ 
സ്വപ്നം കാണുന്നു 
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത് 
കാറ്റായി മാറുന്നു 
ഒരു പക്ഷി തിരിച്ചു പറക്കും വഴി 
നാലു നീല മുട്ടകളും ഒരു നക്ഷത്രവും 
സന്ധ്യയില്‍ നിക്ഷേപിക്കുന്നു 
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍ 
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു 
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു 
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി 
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു .

ഇതേ ഭൂമിയുടെ ഉദരത്തില്‍
എനിക്കീ നിമിഷം കാണണം
ആത്മാവുള്ള ഒരടയാളം
അയ്യങ്കാളിയെപ്പോലെ
ചിറകു മുളച്ച ഒരു മഷിത്തുള്ളി,
അബ്ദുറഹ്‌മാനെപ്പോലെ ധീരസ്നേഹത്തിന്റെെ 
പച്ചവയലില്‍ വിളയുന്ന സ്വാതന്ത്ര്യത്തിന്റെറ 
ഒരു സ്വര്‍‌ണ്ണക്കതിര്‍,
കേളപ്പനെപ്പോലെ മണലില്‍ വിടരുന്ന
ഒരു വെളുത്ത ശം‌ഖു പുഷ്പം,
വി.ടി. യെപ്പോലെ ചിരിച്ചു പെയ്യുന്ന 
വിശുദ്ധമായ ഒരു വേനല്‍ മഴ,
എ.കെ.ജിയെപ്പോലെ നിഷ്കാമമായ
പളുങ്കുഹൃദയത്തിന്റെെ ഒരു തരി,
വര്‍‌ഗീസിന്റെറ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളില്‍ നിന്ന് 
കിളിര്‍‌ത്തുയരുന്ന ബോധിയുടെ ഒരില.

പറയൂ,
ഉണ്ടെന്ന്,
അത് ശ്വസിക്കുന്നുവെന്ന്,
ചലിക്കുന്നുവെന്ന്,
ഇതേ ഭൂമിയുടെ ഉദരത്തില്‍ .
എന്‍റെ ഹതാശമായ കാതുകള്‍ ഞാന്‍ 
മണ്ണിനോട് ചേര്‍‌ത്ത് വെക്കട്ടെ

No comments:

Post a Comment