ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ
ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ
ഞാന്‍ വിട്ടൊരു കൊച്ചോടത്തിനെ മുക്കിയതെന്തിനു നീ
ഞാന്‍ വിട്ടുപറത്തിയ പട്ടമറുത്തതുമെന്തിനു നീ
ഞാന്‍ കേള്‍ക്കും കഥകളില്‍ വന്നു മറുത്തു പറഞ്ഞില്ലേ
ഞാന്‍ വീശിയ വര്‍ണ്ണച്ചിറകുമൊടിച്ചു കളഞ്ഞില്ലേ
ഞാനാടിയൊരുഞ്ഞാല്‍ പാട്ടു് മുറിച്ചു് കളഞ്ഞില്ലേ
ഞാന്‍ നട്ടൊരു പിച്ചകവള്ളി പുഴക്കിയെറിഞ്ഞില്ലേ
കണ്‍പൊത്തിച്ചെന്നുടെ വായില്‍ കയ്പും കനലും നീ വെച്ചു
കാണാതെയടുത്തു് മറഞ്ഞെന്‍ കാതില്‍ നീ പേടികള്‍ കൂവി
ഒരുകാര്യം കാണിക്കാമെന്നതിദൂരം പായിച്ചെന്നെ
കരിമുള്ളിന്‍ കൂടലിലാക്കി കരയിച്ചതു് നീയല്ലെ?
ദൈവത്തെയടുത്തുവരുത്തി വരം തരുവിക്കാമെന്നോതി
തലയില്‍ തീച്ചട്ടിയുമേന്തിത്തുള്ളിച്ചതു് നീയല്ലേ
ഒളികല്ലാലെന്നെയെറിഞ്ഞിട്ടവനാണെന്നെങ്ങൊ ചൂണ്ടി
ചളി കുഴയും ചിരിയാല്‍ കയ്യിലെ മധുരം നീ കട്ടില്ലേ
സ്വപ്നത്തിന്‍ മരതകമലയിലെ സ്വര്‍ഗ്ഗത്തേന്‍ കൂടുകളെയ്യാന്‍
കഷ്ടപ്പെട്ടുണ്ടാക്കിയൊരെന്‍ ഞാണ്‍ കെട്ടിയ വില്ലും ശരവും
അമ്പലമുറ്റത്തെ പ്ലാശിന്‍കൊമ്പത്തെ കിളിയെ കൊല്ലാന്‍
എന്‍ പക്കല്‍ നിന്നുമെടുത്തിട്ടെന്‍ പേരു് പറഞ്ഞു നീ
ഞാന്‍ കയറിയടര്‍ത്തിയ നെല്ലിക്കായെല്ലാം മുണ്ടിലൊതുക്കീ-
ട്ടതിലൊന്നെന്‍ നേരേ നീട്ടി ദയകാണിച്ചവനും നീ
ഞാനൊടിയെടുത്തൊരു മാങ്കനി ആള്‍ വിട്ടുപിടിച്ചു് പറിച്ചു
എന്നെക്കൊണ്ടയല്‍പക്കത്തെ തൈമാവിനു കല്ലെറിയിച്ചു്
പാറമടക്കിടയില്‍ പമ്മി പുകയൂതിക്കൊതികേറ്റിച്ചു.
നിമിഷത്തേന്‍ തുള്ളികളെല്ലാം നീ വാറ്റിയെടുത്തു കുടിച്ചു
അമ്മയെനിക്കാദ്യം തന്നോരു തന്‍ മൊഴിയും പാട്ടും താളവും
എന്‍ കനവും വെച്ചോരു ചെല്ലവുമെങ്ങോ നീ കൊണ്ടു കളഞ്ഞു
മണലിട്ടെന്‍ മനസ്സു നിറച്ചു മണമാടും കുളിരു മറച്ചു
പുലരിയില്‍ മഷി കോരിയൊഴിച്ചു, പകലെല്ലാം കീറിയെടുത്തു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
അന്തിത്തിരി ഊതിയണച്ചു, അമ്പിളിയുമിറുത്തുകളഞ്ഞു
നീ തന്നതു യന്ത്രത്തലയും പൊട്ടുന്ന ബലൂണും മാത്രം
നീ തന്നതു് പെരുകും വയറും കുഞ്ഞിത്തല നരയും മാത്രം
നാലതിരും ചുമരുകള്‍ മാത്രം, നാദത്തിനു് യന്ത്രം മാത്രം
ഓടാത്ത മനസ്സുകള്‍ മാത്രം, ഒഴിവില്ലാനേരം മാത്രം
മാറുന്ന വെളിച്ചം മാത്രം മാറാത്ത മയക്കം മാത്രം
ഇനിയീപ്രേതങ്ങള്‍ നിന്നെപ്പേടിപ്പിക്കട്ടെ,
കണ്ണൂകളെ കാളനിശീദം കൊത്തിവലിക്കട്ടെ
കൂരിരുളില്‍ ചോറും തന്നു പുറത്തു കിടത്തട്ടെ
കരിവാവുകള്‍ തലയില്‍ വന്നു നിറഞ്ഞു പറക്കട്ടെ
കരിനാഗം നിന്റെ കിനാവില്‍ കയറി നടക്കട്ടെ
തീവെയിലിന്‍ കടുവകള്‍ നിന്നെ കീറിമുറിക്കട്ടെ
കളിമുറ്റത്താരും നിന്നെ കൂട്ടാതാവട്ടെ
കൂടറിയാപാതകള്‍ നിന്നെ ചുറ്റിമുറുക്കട്ടെ
നാളത്തെക്കൊരടാവിട്ടൊരു നൂറടി നല്‍കട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ
നിന്റെ പുറത്തീയാകാശമിടിഞ്ഞുപതിക്കട്ടെ
എന്നരുവിയതിന്‍ മീതെപാഞ്ഞെങ്ങും നിറയട്ടെ....
No comments:
Post a Comment