Friday, October 28, 2011

മതില്‍:പവിത്രന്‍ തീക്കുനി

നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടില്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല,
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

2 comments:

  1. ഇന്നാണാദ്യമായി ഇത് വഴി വരാനായത് .കെ.പി.നിര്‍മ്മല്‍ കുമാറാണ് വഴി കാട്ടി ....സംഭവം അസ്സലായി...അഭിനന്ദനങ്ങള്‍ !!!

    ReplyDelete
    Replies
    1. കെ.പി.നിര്‍മ്മല്‍ സര്‍ ഇതു ശ്രദ്ധിച്ചു എന്നത് തന്നെ എനിക്ക് സന്തോഷം....:)

      Delete