Thursday, September 29, 2011

അളവറ്റവൾ : നെരൂദ

ഈ കൈകൾ കാണുന്നുവോ നീ?
ഭൂമിയളന്നവയാണവ,
ധാതുവും ധാന്യവും ചേറിയവയാണവ,
യുദ്ധവും സമാധാനവും നടത്തിയവയാണവ,
കടലും പുഴയും ജയിച്ചവയാണവ,
എന്നിട്ടുമെന്റെ കുഞ്ഞേ,
ഗോതമ്പുമണിയേ, പൊടിക്കുരുവീ,
അവയിലൊതുങ്ങുന്നോളല്ലല്ലോ നീ.
നിന്റെ മാറത്തുറങ്ങുന്ന, പാറുന്ന
മാടപ്രാവുകളെത്തേടിയുഴലുകയാണവ,
നിന്റെ കാലുകൾ താണ്ടുകയാണവ,
നിന്റെയരക്കെട്ടിന്റെ വെട്ടത്തിൽ
ചുറയിട്ടുകിടക്കുകയാണവ.
കടലിനെക്കാ,ളതിന്റെ കൈവഴികളെക്കാൾ
അക്ഷയമായ നിധിയാണെനിക്കു നീ.
വിളവെടുക്കുന്ന മണ്ണു പോലെ
വെളുത്തവൾ, നീലിച്ചവൾ ,
പരപ്പാർന്നവളാണു നീ.
എനിക്കു മോഹം,
നിന്റെ ചോടു മുതൽ നെറുക വരെ
ജീവനൊടുങ്ങുവോളമാദേശ-
ത്തലഞ്ഞു നടക്കാൻ.

(വിവര്‍ത്തനം:വി.രവികുമാർ)

Saturday, September 17, 2011

വിട്ടുപോകുന്ന വീടിന്‌ : നെരൂദ


പോയിവരട്ടെ,
വീടേ!
പറയാനാവില്ല
മടക്കം:
നാളെ, മറ്റൊരു നാൾ,
കുറേക്കാലം കഴിഞ്ഞ്,
ഏറെക്കാലം കഴിഞ്ഞും.

ഒരു യാത്ര കൂടി,
ഇന്നെനിക്കു പക്ഷേ പറഞ്ഞേതീരൂ,
കല്ലു കൊണ്ടുള്ള നിന്റെ ഹൃദയത്തെ
എത്രമേൽ സ്നേഹിച്ചിരുന്നു
ഞങ്ങളെന്ന്;
എത്ര ചൂടു നീ
ഞങ്ങൾക്കു തന്നു,
കുഞ്ഞുമുന്തിരിപ്പഴങ്ങൾ പോലെ
മഴത്തുള്ളികൾ ചൊരിയുന്നു
നിന്റെ മേൽക്കൂരയിൽ,
മാനത്തിന്റെ
വഴുക്കുന്ന സംഗീതം!
ഇതാ ഞങ്ങൾ
നിന്റെ ജനാലകളടയ്ക്കുന്നു,
ഞെരുക്കുന്നൊരകാലരാത്രി
ഓരോ മുറിയും
കൈയേറുന്നു.

കാലം നിന്റെ മേൽ
വട്ടം ചുറ്റുന്നു,
ഈർപ്പം നിന്റെയാത്മാവിനെ
കരണ്ടുതിന്നുന്നു,
ഇരുട്ടടച്ചിട്ടും
ജീവൻ വിടുന്നില്ല നീ.

ചിലനേരം
ഒരെലി
കരളുന്ന കേൾക്കുന്നു,
ഒരു കടലാസ്സിന്റെ
മർമ്മരം,
പതിഞ്ഞൊരു
മന്ത്രണം,
ചുമരിലിരുട്ടത്ത്
ഏതോ പ്രാണിയുടെ
പാദപതനം,
ഈയേകാന്തതയിൽ
മഴ പെയ്യുമ്പോൾ
കൂര ചോരുന്നതു
മനുഷ്യന്റെയൊച്ചയിൽ,
ആരോ
തേങ്ങിക്കരയുമ്പോൽ.

നിഴലുകൾക്കേ
അറിയൂ
പൂട്ടിയിട്ട വീടുകളുടെ
രഹസ്യങ്ങൾ,
തടുത്തിട്ട കാറ്റിനും,
കൂരയിൽ,
വിടരുന്ന ചന്ദ്രനും.

പോയിവരട്ടെ,
ജാലകമേ,
വാതിലേ, തീയേ,
തിളവെള്ളമേ, ചുമരേ!
അടുക്കളേ,
നിനക്കും വിട,
ഞങ്ങൾ മടങ്ങുംവരെയ്ക്കും,
കാലത്തിൽ
തറഞ്ഞ
വ്യർഥബാണങ്ങൾ-
ക്കുയിരു നല്കി
വാതിലിനു മുകളിലെ
ഘടികാരത്തിന്റെ
വൃദ്ധഹൃദയം
വീണ്ടും
മിടിച്ചുതുടങ്ങും വരെയ്ക്കും.


പരിഭാഷ: വി.രവികുമാർ

Friday, September 16, 2011

താതവാക്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

 അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.

Tuesday, September 13, 2011

തിരിയും വെട്ടവും- നിസ്സാര്‍ ഖബ്ബാനി

വെട്ടം
റാന്തലിനെക്കാള്‍
മുഖ്യം
നോട്ടുബുക്കിനെക്കാള്‍
കവിതയും
ചുണ്ടുകളെക്കാള്‍
ചുംബനവും
മുഖ്യം

എന്നെയും നിന്നെയുംകാള്‍
പ്രധാനം ഞാന്‍ നിനക്കയച്ച
കത്തുകള്‍

നിന്റെയഴകും
എന്റെ ഭ്രാന്തും
ലോകമറിയുവാന്‍
അവ മാത്രമാണ്
ആധാരം

Thursday, September 1, 2011

മഴ - ദുന്‍യാ മിഖായേല്‍

ഒന്നാംതുള്ളി

ദൈവത്തിന്റെ മഴ
താഴേക്ക്‌ തുള്ളിയായി
പതി
ക്കുമ്പോള്‍
പ്രിയ സുഹൃത്തേ
മിണ്ടാതിരിക്കൂ
അല്ലെങ്കില്‍ നിങ്ങളുടെ
വാക്കുകള്‍ നനഞ്ഞുപോകും.

രണ്ടാംതുള്ളി

ചാവുകടലിനരികെ
ദുഃഖാര്‍ത്തമായ
ഓടക്കുഴല്‍ തേങ്ങുന്നു
മരിച്ചവര്‍
കടലില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.
ആകാംക്ഷയോടെയാണ്‌
നോക്കി നിന്നത്‌.
ശ്രദ്ധിക്കുക:
മരിച്ച നന്‍മകള്‍
പുനര്‍ജനിക്കുന്നു.

മൂന്നാം തുള്ളി

എന്താണത്‌
എന്റെ ഹൃദയം.
അതിനുള്ളില്‍
ഒന്നും തുടക്കുന്നില്ല.
എടുത്തുകൊണ്ടു പോകൂ.
എങ്കിലും, പക്ഷികള്‍
രാത്രികളില്‍
എവിടെ ചേക്കേറും.

നാലാം തുള്ളി

ഒരു കടല്‍കൊറ്റി
പറന്നു നടക്കുന്നു.
ലക്ഷക്കണക്കിന്‌
കണ്ണാടികളില്‍
സ്വയം പ്രതിഫിച്ച്‌
ചിറകുകള്‍ നൂറായിരമായി
കണ്ണാടികളില്‍ വീണുടയുന്നു.

അഞ്ചാം തുള്ളി

ഇടനാഴികള്‍ക്ക്‌
എന്റെ ഹൃദയമാണ്‌.
ഇടനാഴികള്‍
വിശാലമായ മുറികളിലേക്കും
മുറികള്‍ ജനാലകളിലേക്കും
ജനാലകള്‍ നിന്റെ ഹൃദയത്തിലേക്കും
നയിക്കുന്നു.

ആറാം തുള്ളി

എന്നില്‍ ഹൃദയം.
ഹൃദയത്തില്‍ ചുമരുകള്‍.
ചുമരില്‍ വിള്ളല്‍.
വിള്ളലില്‍ മരിച്ച കാറ്റ്‌.

ഏഴാം തുള്ളി

കാപ്പി തണുത്തിരിക്കുന്നു
സുഹൃത്തെ, ഞാനെന്ത്‌ ചെയ്യും.
ചാടി രക്ഷപ്പെടാന്‍ ഇടമില്ല.
കണ്ണുനീര്‍ തുള്ളി
പതിക്കും പോലെ
എനിക്കുവേണ്ടി വീണു മരിക്കാന്‍
പറവകളില്ല.
എന്റെ ഹൃദയത്തിലല്ലാതെ
മറ്റെവിടെയും പച്ചപ്പില്ല.
സൂര്യകാന്തികള്‍ ഇക്കാലത്ത്‌
വിരിയാറില്ല.
ഞാന്‍ എന്ന സര്‍വനാമത്തെയല്ലാതെ
മറ്റൊന്നും ഭാഷക്ക്‌ മനസ്സിലാകുന്നില്ല.
എന്റെ സുഹൃത്തെ, കാപ്പിക്ക്‌ കൊടും തണുപ്പ്‌.

എട്ടാം തുള്ളി

ഞാന്‍ നിന്നിലേക്ക്‌
മടങ്ങിയെത്തുന്നു.
എങ്കിലും എന്റെ ഹൃദയത്തിന്‍ നീല
മലയുടെ പച്ച.
പ്രഭാതത്തിന്റെ കറുപ്പ്‌.
ഉറക്കം തൂങ്ങലിന്റെ വെള്ള
എന്നിവയൊന്നും
എന്റെ പക്കലില്ല.
ഇതിനര്‍ഥം ഞാന്‍
നിന്നിലേക്ക്‌ മടങ്ങിയെത്തിയിട്ടില്ലെന്നാണോ.

ഒമ്പതാം തുള്ളി

പകലില്‍
ഞാന്‍ നിന്റെ
കുഴിമാടം സന്ദര്‍ശിച്ചു.
ഓര്‍മക്കായി
അവിടെ പറവകള്‍
മുട്ടിയിരിക്കുന്നു.
രാത്രി എനിക്ക്‌
സ്വപ്‌നമുണ്ടായി.
ഞാനായിരുന്നു
അതിലെ സാക്ഷി.

പത്താംതുള്ളി

സായാഹ്‌നത്തിന്‌ വെളുപ്പ്‌.
ഹൃദയം ഹിമക്കട്ടയുടെ ശവപ്പുര.
ചരിത്രം ഹിമാനി.
കണ്ണുകള്‍
ബഗ്‌ദാദ്‌ ഒബ്‌സര്‍വറിലെ
നിന്റെ കയ്യുകള്‍.
ജോലി ഒഴിവുകോളത്തില്‍
പടര്‍ന്ന മഞ്ഞ്‌.
എന്റെ ഗ്ലാസിലേക്ക്‌
വെയ്‌റ്റര്‍
രണ്ട്‌ ഐസ്‌കഷണങ്ങള്‍
ഇട്ടു.
ഇതു കൊണ്ടായിരിക്കുമോ
ഐസ്‌ കൊണ്ട്‌
കലമ്പല്‍ കൂട്ടുന്ന
സുഹുത്തുക്കളെ
ഹൃദയം തേടുന്നത്‌.

പുതിയ നിയമം-അഡോണിസ്‌

അവന്‍ ഈ ഭാഷ സംസാരിക്കുന്നില്ല.
ചപ്പുചവറുകളുടെ ഭാഷ അവനറിയില്ല.
കല്ലിന്റെ ഉറക്കത്തില്‍ അവന്‍
താരാട്ട്‌ പാടും.
അകലങ്ങളിലെ ഭാഷകളുടെ
ഭാരം പേറും.
ഇവിടെ അവന്‍
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്‌
പുതിയ വാക്കുകളുടെ അന്തരീക്ഷത്തിലേക്ക്‌
വളരുന്നു,
തന്റെ കവിത ദുഃഖഭരിതനായ
കാറ്റിന്‌ നല്‍കുന്നു.

തേച്ചുമിനുക്കാത്തത്‌
തിളങ്ങാന്‍ വെമ്പുന്ന ഓട്ടുപാത്രം.
അവന്റെ ഭാഷ പായ്‌മരങ്ങള്‍ക്കിടയില്‍
ശോഭിക്കുന്നു.

അവന്‍ വിചിത്ര വാക്കുകളുടെ
യോദ്ധാവ്‌.