Friday, September 16, 2011

താതവാക്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

 അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.

No comments:

Post a Comment