Saturday, September 17, 2011

വിട്ടുപോകുന്ന വീടിന്‌ : നെരൂദ


പോയിവരട്ടെ,
വീടേ!
പറയാനാവില്ല
മടക്കം:
നാളെ, മറ്റൊരു നാൾ,
കുറേക്കാലം കഴിഞ്ഞ്,
ഏറെക്കാലം കഴിഞ്ഞും.

ഒരു യാത്ര കൂടി,
ഇന്നെനിക്കു പക്ഷേ പറഞ്ഞേതീരൂ,
കല്ലു കൊണ്ടുള്ള നിന്റെ ഹൃദയത്തെ
എത്രമേൽ സ്നേഹിച്ചിരുന്നു
ഞങ്ങളെന്ന്;
എത്ര ചൂടു നീ
ഞങ്ങൾക്കു തന്നു,
കുഞ്ഞുമുന്തിരിപ്പഴങ്ങൾ പോലെ
മഴത്തുള്ളികൾ ചൊരിയുന്നു
നിന്റെ മേൽക്കൂരയിൽ,
മാനത്തിന്റെ
വഴുക്കുന്ന സംഗീതം!
ഇതാ ഞങ്ങൾ
നിന്റെ ജനാലകളടയ്ക്കുന്നു,
ഞെരുക്കുന്നൊരകാലരാത്രി
ഓരോ മുറിയും
കൈയേറുന്നു.

കാലം നിന്റെ മേൽ
വട്ടം ചുറ്റുന്നു,
ഈർപ്പം നിന്റെയാത്മാവിനെ
കരണ്ടുതിന്നുന്നു,
ഇരുട്ടടച്ചിട്ടും
ജീവൻ വിടുന്നില്ല നീ.

ചിലനേരം
ഒരെലി
കരളുന്ന കേൾക്കുന്നു,
ഒരു കടലാസ്സിന്റെ
മർമ്മരം,
പതിഞ്ഞൊരു
മന്ത്രണം,
ചുമരിലിരുട്ടത്ത്
ഏതോ പ്രാണിയുടെ
പാദപതനം,
ഈയേകാന്തതയിൽ
മഴ പെയ്യുമ്പോൾ
കൂര ചോരുന്നതു
മനുഷ്യന്റെയൊച്ചയിൽ,
ആരോ
തേങ്ങിക്കരയുമ്പോൽ.

നിഴലുകൾക്കേ
അറിയൂ
പൂട്ടിയിട്ട വീടുകളുടെ
രഹസ്യങ്ങൾ,
തടുത്തിട്ട കാറ്റിനും,
കൂരയിൽ,
വിടരുന്ന ചന്ദ്രനും.

പോയിവരട്ടെ,
ജാലകമേ,
വാതിലേ, തീയേ,
തിളവെള്ളമേ, ചുമരേ!
അടുക്കളേ,
നിനക്കും വിട,
ഞങ്ങൾ മടങ്ങുംവരെയ്ക്കും,
കാലത്തിൽ
തറഞ്ഞ
വ്യർഥബാണങ്ങൾ-
ക്കുയിരു നല്കി
വാതിലിനു മുകളിലെ
ഘടികാരത്തിന്റെ
വൃദ്ധഹൃദയം
വീണ്ടും
മിടിച്ചുതുടങ്ങും വരെയ്ക്കും.


പരിഭാഷ: വി.രവികുമാർ

No comments:

Post a Comment