1
മോണാലിസയുടെ
മന്ദഹാസത്തിന്റെ അര്‍ത്ഥം എനിക്കറിയാം:
മോണാലിസ മന്ദഹസിക്കുന്നതേയില്ല.
നീയോ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ വധൂ, നിനക്ക്
ഞാഞ്ഞൂളിനെപ്പോലെ നൂറു മോതിരങ്ങളുണ്ട്,
മെഴുകുതിരിപ്പോലെ നൂറു ശിരോവസ്ത്രങ്ങളുണ്ട്,
പൂവിനെപ്പോലെ നൂറുപടുതികളുണ്ട്,
എന്നിട്ടും,ഒരൊറ്റ വിവാഹത്തിലും നീ വധുവാകുന്നില്ല.
മുറുകിയ കയറിന്റെ തലപ്പില്‍
എന്റെ ഹൃദയമൊരു പള്ളിമണിപോലെ
കനത്തു തൂങ്ങുന്നു.
ഒച്ചവെക്കേണ്ടതില്ലല്ലോ,
ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ലല്ലോ.
വധുവിനെ വിളിച്ചറിയിക്കാന്‍
പള്ളിമണിയടിക്കണോ?
2
മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്റെ നിശ്വാസമോര്‍ക്കുന്നു.
എന്തെന്നാല്‍ , നിന്റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടേതെന്ന് ആരോപിക്കപ്പെടുന്നു.
നിന്റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
നേര്‍ത്തതാണ് നിന്റെ നിശ്വാസം.
അതോര്‍ക്കുമ്പോള്‍ എന്റെ ഘനം
ഒരു തീനാളത്തിന്റെ ഘനമാണ്,
അതിന്റെ തുടിപ്പ് ഒരാപ്പിളിന്റേതാണ്
അത് മുകളിലേക്കു വീഴുന്നു.
കാറ്റില്‍ നിന്റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്റെ നാളം പോലെ ഞാന്‍
മുകളിലേക്കു വീഴുന്നു.
(അഥവാ, ഭൂമി ഉരുണ്ടതാകയാല്‍,
ആകാശത്തിലേക്ക് ഉയരുന്നതെല്ലാം
ഭൂമിയില്‍ നിന്ന് വീണുപോകുന്നവയാണല്ലോ!)
3
എന്റെ പ്രേമപ്രശ്നങ്ങളുമായി ഞാന്‍
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക് ബോലന്‍ പാടുന്നു.
നീ മുടിയഴിച്ചിടുമ്പോള്‍
ഊര്‍ന്നു വീഴുന്ന പ്രപഞ്ചങ്ങളെക്കുറിച്ച്
മാര്‍ക് ബോലന്‍ പാടുന്നു.
മുഷ്ടി ഹൃദയത്തെക്കുറിച്ചും
ദുഷ്ടമായ പുലരിയമ്പിനെക്കുറിച്ചും
മാര്‍ക് ബോലന്‍ പാടുന്നു
എന്റെ ശരിയായ പേര് മാര്‍ക് ബോലന്‍ എന്നാകുന്നു.
ഞാനൊരു കാറപകടത്തില്‍ മരിക്കും
അപ്പോള്‍ എന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍,
പാതമുറിച്ചു കടന്നു പോയ നിന്റെ രൂപം
ഛായാപടം പോലെ
ഒട്ടിച്ചു വെച്ചിരിക്കും.
നീയൊരിക്കല്‍ എന്നെ നോക്കിയതങ്ങനെയായിരുന്നു-
പാതമുറിച്ചു കടന്നുപോകുന്ന ഒരാളെയെന്നപോലെ
ഗതാഗതവിളക്കിലപ്പോള്‍ പച്ചവെളിച്ചമായിരുന്നു,
നിന്റെ കണ്ണുകളില്‍ ചുവപ്പു വെളിച്ചവും.
നിന്റെ നോട്ടം വായുവില്‍ തങ്ങിനില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെത്തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെച്ചെന്നു നില്‍ക്കാം.
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച്ച ഞാനാവും,
തെരുവ് ഒരില പോലെ പച്ചയാകും.
4
ഒരു മണല്‍ഘടികാരം പോലെ
മലര്‍ന്നും കമിഴ്ന്നും കിടന്ന്
ഞാന്‍ രാത്രികളെ അളക്കുന്നു.
ഭൂമി ഉറക്കത്തില്‍ ചരിഞ്ഞുകിടക്കുന്നത്
പ്രേമിക്കുന്നവരിലൂടെയാണ്.
പ്രേമിക്കുന്നവര്‍ ഇരുട്ടില്‍ ചെകിടോര്‍ക്കുമ്പോള്‍
പെട്ടെന്നു നിലയ്ക്കുന്ന കാറ്റ്
അവരെ പേടിപ്പിക്കുന്നു.
ആ പേടിയെക്കുറിച്ചോര്‍ത്ത് ഒച്ചയില്ലാതെ
അവര്‍ പൊട്ടിച്ചിരിക്കുന്നു.
പ്രേമം അതിന്റെ ഭീതികളെ അപഹാസ്യമാക്കുന്നു.
തുറന്നു കിടക്കുന്ന ജനാലകളിലൂടെ
ഒരു പെണ്ണിന്റെ നഗ്നത തിരിച്ചറിയാന്‍
നക്ഷത്രങ്ങള്‍ക്കു കഴിയുമോ എന്നു ഞാന്‍ ചിന്തിക്കുന്നു.
മരുഭൂമികളിലെ മണല്‍ തണുത്തടങ്ങുന്നു.
മരുഭൂമികള്‍ക്കിടയില്‍ ഒരിക്കല്‍ ആകാശങ്ങളായിരുന്നു.
മണല്‍ത്തരികള്‍ തണുക്കുന്നു, ചോര്‍ന്നുപോകുന്നു.
പ്രേമിക്കുന്നവര്‍ ഒരോ രാത്രിയിലും
ഇഞ്ചിഞ്ചായി പരിശോധിക്കപ്പെടുന്നു:
അവരുടെ രഹസ്യം ആര്‍ക്കോ ആവശ്യമുണ്ട്,
അവരുടെ നിര്‍ലജ്ജമായ നഗ്നതയും.
എന്നിട്ടും ഞാന്‍ ഉടുപ്പൂരുമ്പോള്‍
കണ്ണാടികള്‍ അന്ധമാകുന്നു.
5
എന്റെ കുപ്പായത്തിന്റെ
മൂന്നാമത്തെ കുടുക്കിനു പിന്നിലെ
പിടച്ചിലിന്റെ പേരാണ് പ്രേമം.
എനിക്കിതിനെ വിമോചിപ്പിക്കാനാവില്ല.
ചിലപ്പോള്‍ നഗ്നത പോലും ഒരുടുപ്പും കൂടുമാണ്.
നമുക്കൊരിക്കലുമാവില്ല വേണ്ടത്ര നഗ്നരാവാന്‍.
നാമങ്ങനെ നമ്മെ ചെത്തിക്കൊണ്ടേയിരിക്കുന്നു-
നഗ്നത ഇനിയത്തെ അടരിലാണ്,
അല്ല, അടുത്ത അടരിലാണ്,
അല്ല, അതിനും താഴെയാണ്...
നാം തേഞ്ഞുകൊണ്ടിരിക്കുന്നു.
ഉടുപ്പുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ഒടുവില്‍ ഉടുപ്പുകള്‍ക്കുള്ളില്‍ നാമില്ലാതാവും.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും രണ്ടളവ് അധികമുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍
ഒരു കാറ്റിനെ പോലെ പരുങ്ങി നില്‍ക്കല്‍!
നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്കു പുറത്താണ്.
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴുക്കുന്നത് ഞാന്‍ കണ്ടു.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും തെറ്റായ വസ്ത്രം ധരിക്കല്‍!
പ്രേമത്തെ ഉടലോടെ പിടികൂടണമെങ്കില്‍
കൃത്യമായ ചില അളവുകണക്കുകള്‍ വേണം,
കാരണം പ്രേമം വസ്തുതയാണ്.
ഞാന്‍ പ്രേമത്തിന്റെ തയ്യല്‍ക്കാരനാകാനാഗ്രഹിക്കുന്നു.
എനിക്ക് പ്രേമത്തിനുള്ളില്‍ കയ്യിട്ടു നോക്കണം.
ഒരോ ചേര്‍പ്പും വിരലില്‍ തടയണം,
അവിടെ വരുന്ന അവയവും.
6
ഒന്നും ഞാനാരുമായും പങ്കുവെക്കില്ല,
നിന്നോടൊപ്പം എന്റെ തലയണയൊഴികെ
എന്നു പാടുന്ന റഷ്യന്‍ കവിയാകുന്നു ഞാന്‍.
നിന്റെ കിടക്ക ഒരു വിധവയുടേതാണ്.
അതില്‍ ഒരു പുരുഷനെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ;
എന്റേതില്‍ ഒരു സ്ത്രീയെക്കുറിച്ചുള്ള
സ്വപ്നം മാത്രമേ ഉള്ളൂ;
എന്നതുപോലെ!
ഭൂതത്തെയും ഭാവിയെയും
ഒരൊത്തുതീര്‍പ്പിലെത്തിച്ച്
നമുക്ക് വര്‍ത്തമാനമാകുക.
നിന്റെ കിടക്കയില്‍ ഞാന്‍ ഭര്‍ത്താവകട്ടെ,
വധുവാകാന്‍ ധൈര്യമില്ലാത്ത വിധവ
വെപ്പാട്ടിയായി കലാശിക്കുന്നു.
വെള്ളം ആദ്യമായി വീഞ്ഞായത്
ഒരു കല്ല്യാണനാളിലാണ്.
വീഞ്ഞാകാന്‍ ധൈര്യമില്ലാത്ത നീര്
വിനാഗിരിയായി മാറുന്നു.
7
പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു :
പ്രേമം കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത് കണക്കു പറയുന്നു.
പ്രേമിക്കുന്നവര്‍ക്ക് പ്രേമത്തിനുശേഷം
പെട്ടെന്ന് വയസ്സാകുന്നു.
പ്രേമം അതിന്റെ പ്രത്യാഘാതങ്ങളെ ത്വരിതമാക്കുന്നു.
പ്രേമാനന്തര നിമിഷവും മരണവും
പ്രേമിക്കുന്നവരെപ്പോലെ തൊട്ടുരുമ്മില്‍ നില്‍ക്കുന്നു.
ആമയുമായുള്ള ഓട്ടപ്പന്തയത്തിന്നിടയില്‍
കഥയറിയാതെ ഉറങ്ങിപ്പോയ മുയലിന്റെ
ഒടുക്കത്തെ നെട്ടോട്ടമാണത്-
പ്രേമത്തിന്നു ശേഷമുള്ള ദിവസങ്ങള്‍!
എനിക്ക് പന്തയത്തില്‍ ആമയായാല്‍ മതി
എനിക്ക് ഓടിക്കൊണ്ടേയിരിക്കണം.
എത്രയും പതുക്കെ,
എത്രയും പതുക്കെ!
കോണിയുടെ പടവുകള്‍
സ്ഥലങ്ങളെ മുറിച്ച്
കാലങ്ങളെ പകുക്കുന്നു.
പരവതാനി മാന്ത്രികമായി
തറയില്‍ത്തന്നെ പതിഞ്ഞു കിടക്കുന്നു.
ഇത് വധുവിന്റെ വഴിയാണ്.
അവള്‍ സ്വയം ഒരു ഘോഷയാത്രയാണ്.
അവളൊഴികെയുള്ള ഘോഷയാത്രകളോ
അവള്‍ക്കു തോരണങ്ങളും.
നീ നിന്റെ മണവാട്ടിയാകാന്‍
ദേവാലയത്തിലേക്ക് വരായ്കയാല്‍
നിന്റെ ഓരോ ദിനചര്യയെയും
ഞാനെന്റെ വിവാഹമാക്കുന്നു.
ഉടുപ്പണിയുമ്പോഴും അഴിക്കുന്തോറും,
തലമുടി കെട്ടുമ്പോഴും വിടര്‍ത്തിയിടുമ്പോഴും ,
എന്നില്‍ നിന്ന് ഒളിച്ചോടുമ്പോള്‍പ്പോലും
നീയെന്നെ വിവാഹം കഴിക്കുന്നു.
ഇനി നിന്റെ ഓരോ നിമിഷവും
ഒരു വധുവിന്റെ നിമിഷമാകുന്നു.
നിനക്കിനി വിടുതിയില്ല.
നിന്നെ ഞാന്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.
നിന്റെ മുഴുവന്‍ ജീവിതത്തെയും മരണത്തെയും
ഞാനെന്റെ വിവാഹമാക്കിയിരിക്കുന്നു.
പള്ളിമണിയുടെ കയര്‍
നിന്റെ കാലില്‍ ഞാന്‍ കെട്ടിയിരിക്കുന്നു.
അതെന്റെ കെട്ടുതാലിയാണ്.
ഓരോ കാല്‍ വെപ്പിലും നിന്റെ വിവാഹം മുഴങ്ങും.
ഓരോ ദിവസവും ഒരു നൂറു പ്രാവശ്യം
ഞാന്‍ നിന്നെ വിവാഹം കഴിക്കുന്നു.
ആളുകളെ വിളിച്ചു കൂട്ടുന്നൊരു
പള്ളിമണിയാണ് എന്റെ ഹൃദയം.
8
മേല്‍ക്കൂര പറന്നുപോയ ഹൃദയത്തില്‍
എന്റെ ചോര പ്രാവുകളെപ്പോലെ കുറുകുന്നു.
നക്ഷത്രങ്ങള്‍ കനലുകളോ മിന്നാമിനുങ്ങുകളോ?
ഒരു ചുള്ളിക്കൂടിലെ നക്ഷത്രം ദിവ്യമോ മാരകമോ?
കയ്പ് നിറഞ്ഞ ദീപരസങ്ങള്‍
വീഞ്ഞായി മാറുന്നതിന്റെ മാധുര്യം
എന്റെ അടിവയറില്‍ ഞാന്‍ അറിയുന്നു.
എന്റെ ചോര വീഞ്ഞിനെപ്പോലെ പാടുന്നു.
എന്റെ അപ്പം ഈ പ്രേമമാകുന്നു.
എന്റെ പ്രേമം എന്നെ ഒറ്റിക്കൊടുക്കും.
എട്ടു ദിക്കുകള്‍ക്കും ഒറ്റിക്കൊടുക്കും.
അത്താഴത്തിന് നീ എന്നെയും ക്ഷണിച്ചുവല്ലോ.
അത്താഴ നേരത്ത് എന്റെ അരികില്‍ ഇരിക്കുന്നണ്ടല്ലോ.
നീ അങ്ങുമിങ്ങും കണ്ണുകളയക്കുന്നത് ഞാന്‍ കണ്ടു.
പിഞ്ഞാണങ്ങളുടെ മാറിമാറിത്തിളങ്ങുന്ന വക്കുകളും
ഉയരുകയും താഴുകയും ചെയ്യുന്ന കരണ്ടികളും
ആപ്പിളില്‍ വീഴുന്ന കത്തികളുമെല്ലാം
ആംഗ്യങ്ങളും മുദ്രകളുമാവുകയായിരുന്നു.
ജനാലക്കു പിന്നില്‍ മറഞ്ഞ രൂപങ്ങള്‍
തെരുവില്‍ നിഴലുകളാവുന്നത് ഞാന്‍ ഉള്ളില്‍ കണ്ടു.
സംഭാഷണത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും
ചില സംജ്ഞകളും സങ്കേതങ്ങളുമാവുന്നത് ഞാനറിഞ്ഞു.
മരിച്ചുപോയ ചിത്രകാരനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍
അയാളുടെ അപ്രദര്‍ശിതമായ ഒരു ചിത്രത്തിലെ
മാരകമായ പ്രതീകങ്ങളുടെ സൂചനയും ഞാനറിഞ്ഞു.
എനിക്കു ചുറ്റും നടക്കുന്ന സംഭാഷണങ്ങളില്‍ ,
ചരിത്രത്തെയും കലയെയും ഓഹരിച്ചന്തയെയും
പച്ചക്കറികളെയും കുറിച്ചുള്ള സൂചനകളിലൂടെ
എന്റെ അത്യാഹിതത്തിന്റെ വിശദാംശങ്ങള്‍
പടിപടിയായി പൂര്‍ത്തിയാവുകയായിരുന്നു.
ഇനി ഞാന്‍ അത്താഴത്തിനുശേഷം
ഏതെങ്കിലും ഇരുണ്ട തെരുവിലോ ഇടവഴിയിലോ
ആകസ്മികമായെന്നതുപോലെ എത്തിപ്പെടുകയേ വേണ്ടൂ-
എന്റെ അത്യാഹിതമവിടെ എന്നെക്കാത്തു നില്‍ക്കുന്നു.
പള്ളിമണികള്‍ അതിന്റെ ഗുരുത്വത്തിലേക്ക് ചായുന്നു.
എങ്കിലും ഞാന്‍ ധൈര്യത്തോടെ തെരുവിലേക്കിറങ്ങും.
എന്തെന്നാല്‍ , എന്റെ അപ്പം ഈ കത്തുന്ന പ്രേമമാകുന്നു,
എന്റെ ചോരയില്‍ ഉലയുന്നത് മുന്തിരികളാകുന്നു,
എന്റെ ഹൃദയത്തില്‍ ഭയചകിതയായി കുറുകുന്നത്
ഒരു പള്ളിയുടെ മോന്തായമാകുന്നു.
എന്നെയവര്‍ രക്തസാക്ഷിയെന്നു വിളിക്കും.
എല്ലാ രക്തസാക്ഷികളും പരാജയപ്പെട്ടവരാണല്ലോ
(അനൂപ് ചന്ദ്രന് നന്ദി)
No comments:
Post a Comment